വന്യമൃഗശല്യം, കാര്‍ഷികവിള മോഷണം, ഹരിസണ്‍ ഭൂവിഷയങ്ങള്‍ പരിഹരിക്കണം തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് തൃക്കൈപ്പറ്റയിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. കര്‍ഷക കൂട്ടായ്മയുടെയും കര്‍ഷക ജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ നാളെ തൃക്കൈപ്പറ്റയില്‍ സായാഹ്ന ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തൃക്കൈപ്പറ്റ പ്രദേശത്ത് മുന്‍പെങ്ങുമില്ലാത്ത വിധം വന്യമൃഗശല്യം വര്‍ദ്ധിച്ചിരിക്കുകയാണെന്നും കാലാവസ്ഥ വ്യതിയാനവും അത് മൂലമുള്ള വിളനാശവും, വിലതകര്‍ച്ചയും കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന കര്‍ഷകര്‍ക്ക് വന്യമൃഗങ്ങള്‍ കൃഷിയിടത്തിലിറങ്ങി നാശം വിതക്കുന്നതുമൂലം ജീവിതം ദുരിത പൂര്‍ണമായിയിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. അതിനിടയില്‍ കാര്‍ഷിക വിളകളുടെ മോഷണവും പ്രദേശത്ത് വ്യാപകമായിരിക്കുകയാണ്. ഈ അവസരത്തില്‍ തൃക്കൈപ്പറ്റ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കര്‍ഷക ജാഗ്രത സമിതി രൂപീകരിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതികള്‍ നല്‍കി. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്ത സ്ഥിതി വിശേഷമാണ് നിലവിലുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ നാളെ വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ തൃക്കൈപ്പറ്റ ജംഗ്ഷനില്‍ കര്‍ഷകരുടെ സായാഹ്ന ധര്‍ണ്ണ നടത്തുന്നത്. ധര്‍ണ്ണ വയനാട് കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് ഇ.പി. ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്യും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യ കര്‍ഷകരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കണ്‍വീനര്‍ ടി.ജെ. ബാബുരാജ്, സെക്രട്ടറി വി.എസ്. ബെന്നി, ട്രഷറര്‍ പി.കെ.രാജീവ്, മോഹനന്‍ ഉണ്ണിത്താന്‍, എം.എ ഐസക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.