തൊഴില്‍സഭകള്‍ ഗ്രാമങ്ങളിലേക്ക്; ജില്ലാതല ഉദ്ഘാടനം നാളെ

0

യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ തൊഴില്‍സഭകള്‍ ജില്ലയില്‍ തിങ്കളാഴ്ച്ച തുടങ്ങും. ജില്ലാതല ഉദ്ഘാടനം നാളെ (തിങ്കള്‍) ഉച്ചയ്ക്ക് 1.30 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ എം.എല്‍.എമാരായ ഒ.ആര്‍ കേളു, ടി.സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത എന്നിവര്‍ പങ്കെടുക്കും

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ എല്ലാ വാര്‍ഡുകളിലും തൊഴില്‍ സഭകള്‍ വിളിച്ചുചേര്‍ക്കുന്നത്. റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. ഗ്രാമസഭകളുടെ മാതൃകയില്‍ അതത് തദ്ദേശ സ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ചാണ് പ്രവര്‍ത്തനം. വിവിധ വകുപ്പുകളിലെ അവസരം അതത് പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇതി ലൂടെ ഉറപ്പാക്കും. പ്രാദേശിക സംരംഭകത്വം വര്‍ധിപ്പിച്ച്, തൊഴില്‍ സാധ്യകള്‍ കൂട്ടി, വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ബദല്‍ ഇടപെടലാണ് തൊഴില്‍സഭയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലിലേക്ക് തൊഴിലന്വേഷകരെ എത്തിക്കുന്നതും തൊഴില്‍ സഭയുടെ ലക്ഷ്യമാണ്. ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയും, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയും, കെ ഡിസ്‌ക് വഴി ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമെല്ലാം തൊഴില്‍ സഭകളുടെ സഹകരണത്തോടെയാകും മുന്നോട്ടു പോവുക. വ്യത്യസ്ത വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തന ങ്ങളെ തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തില്‍ ഏകോപിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്വകാര്യ മേഖലകളുടെയും സഹായം തൊഴില്‍ അന്വേഷകരിലേക്ക് നേരിട്ടെത്തിക്കുക എന്നതും തൊഴില്‍ സഭയുടെ പ്രധാന ലക്ഷ്യമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!