വെറ്റ് ഓണ്‍ വീല്‍സ്; മൃഗാശുപത്രി ഇനി വീട്ടിലെത്തും

0

പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി ‘വെറ്റ് ഓണ്‍ വീല്‍സ്’ നവംബര്‍ ഒന്നു മുതല്‍ ഓടിത്തുടങ്ങും. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി സംവിധാനമാണ് ‘വെറ്റ് ഓണ്‍ വീല്‍സ്’.
ക്ഷീര കര്‍ഷകരേറെയുള്ള പുല്‍പ്പള്ളി, മുളളന്‍കൊല്ലി മേഖലയിലെ ക്ഷീര കര്‍ഷകര്‍ക്ക് വെറ്റ് ഓണ്‍ വീല്‍സ് പദ്ധതി കൈത്താങ്ങാകും. നിലവില്‍ പുല്‍പ്പള്ളിയും മുളളന്‍കൊല്ലിയിലുമായി രണ്ടു മൃഗാശുപത്രികളിലായി രണ്ട് ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. അവശ്യഘട്ടങ്ങളില്‍ അടിയന്തര ചികിത്സ ലഭിക്കാത്ത സാഹചര്യം ക്ഷീര കര്‍ഷകര്‍ക്ക് ഗുരുതരമായ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു.

പാല്‍ വിലയും ഉല്‍പ്പാദന ചെലവും രോഗങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടവും പശുവളര്‍ത്തല്‍ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സാ സേവനം വീട്ടുമുറ്റത്തെത്തിക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യംവെക്കുന്നത്. ഒരു സന്ദര്‍ശനത്തിന് കര്‍ഷകന്‍ 100 രൂപ മാത്രം ഫീസ് അടച്ചാല്‍ മതിയാവും. വാഹനം, ഡോക്ടറുടെ സേവനം, മരുന്നുകള്‍ എന്നിവ പൂര്‍ണമായും സൗജന്യമായിരിക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പുല്‍പ്പളളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലെ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൃഗാശുപത്രി ഒ.പിയില്‍ കൊണ്ടുവരാവുന്ന പട്ടി, പൂച്ച തുടങ്ങിയ ഓമന മൃഗങ്ങളുടെ ചികിത്സ ഈ സംവിധാനത്തില്‍ ലഭിക്കില്ല.

പുല്‍പ്പള്ളി മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജനാണ് ഈ സംയുക്ത പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍. മറ്റു മൃഗശുശ്രൂഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും പുല്‍പ്പള്ളി, പാടിച്ചിറ മൃഗാശുപത്രികളിലെ വെറ്റിനറി സര്‍ജന്‍മാരുടെ സേവനം രാവിലെ 9 മുതല്‍ വൈകുന്നേരം 3 വരെ സാധാരണ രീതിയില്‍ ലഭ്യമായിരിക്കും.
സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വെറ്റിനറി സര്‍ജന്‍ ഡോ.ബി. സാഹിദയും അറ്റന്‍ഡര്‍ പി.എസ് മനോജ് കുമാറും നേതൃത്വം നല്‍കും. മുള്ളന്‍ കൊല്ലി ഗ്രാമപഞ്ചായത്തിലെ 6 ക്ഷീര സംഘങ്ങളും പുല്‍പ്പള്ളി ക്ഷീരസംഘവും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

Leave A Reply

Your email address will not be published.

error: Content is protected !!