ഗോത്ര ജനതയുടെ ജീവിത കഥ പറഞ്ഞ ‘ പി. വത്സലയുടെ നോവല്‍ ‘നെല്ലി’ന് അരനൂറ്റാണ്ട്

0

തിരുനെല്ലിയിലെ ഗോത്ര ജനതയുടെ ജീവിത കഥ പറഞ്ഞ പി. വത്സലയുടെ നോവല്‍ ‘നെല്ലി’ന് അരനൂറ്റാണ്ട്. ആദിവാസികളുടെ ദുരിതജീവിതം വരച്ചുകാട്ടിയ നോവല്‍ അന്നത്തെ വയനാടന്‍ സാമൂഹ്യ ജീവിതത്തെയും വിശദമായി പറയുന്നു. 50 വര്‍ഷം പിന്നിട്ട ‘ നെല്ലിന്റെ ആലോഷപരിപാടികള്‍ കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ തൃശ്ശിലേരി ഗവ.ഹയര്‍ സെക്കണ്ടറിയില്‍ ഇന്ന് വൈകുന്നേരം നടക്കും.


വയനാട്ടിലെ അടിയാള ജനതയുടെ അരനൂറ്റാണ്ട് മുന്‍പത്തെ ജീവിത ചരിത്രം എന്നു പോലും പി.വത്സലയുടെ ‘നെല്ല് എന്ന നോവലിനെപറ്റി പറഞ്ഞ നിരൂപകരുണ്ട്. അത്രമേല്‍ ആദിവാസി ജനതയുടെ ജീവിത ചിത്രം വത്സല ടീച്ചര്‍ എഴുതി ചേര്‍ത്തിരുന്ന് ആ നോവലില്‍ . കാടിന്റെ പരിസരത്തുള്ള ജനതയുടെ ജീവിതത്തില്‍ പ്രകൃതി തന്നെ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. തിരുനെല്ലിയിലെ ഈ വീടിന്റെ അകത്തളങ്ങ ങ്ങും വരാന്തകളിലുമിരുന്നാണ് പി.വത്സല നെല്ലിലെ കഥ പറഞ്ഞത്.

എഴുത്തിലെ വ്യത്യസ്ത ജീവിതമാണ് നെല്ലിനെ തിരശീലയിലും ശ്രദ്ദേയമാക്കിയത്. പ്രശസ്ത സംവിധായകന്‍ രാമു കാര്യട്ടിന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള സിനിമ വന്‍ വിജയമായിരുന്നു. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറാണ് സിനിമയിലെ ‘ കദളീ ചെങ്കദളീ എന്ന ഹിറ്റ് ഗാനം പാടിയത്.


വയനാടിനെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. പുകഴ്ത്തിയും പ്രകീര്‍ത്തിച്ചും പ്രശംസാവചനങ്ങളാല്‍ മൂടിയും. ‘വരത്തരാ’യിരുന്നു അവരൊക്കെ. പി.വല്‍സല എന്ന എഴുത്തുകാരിയിലൂടെയാണ് മലയാളം ആദ്യമായി വയനാടിന്റെ കഥ സ്വന്തം മകളുടെ വാക്കുകളിലൂടെ കേള്‍ക്കുന്നത്. 1972-ല്‍. നെല്ലിന്റെ പ്രസിദ്ധീകരണത്തിലൂടെ. ഇന്നും ഒരു പുതിയ നോവല്‍ പോലെ, പുതുനൂറ്റാണ്ടിലെ കൃതി പോലെ നെല്ല് വായനക്കാരെ ആകര്‍ഷിക്കുന്നു. ആസ്വാദനത്തിനു പുതിയ തലങ്ങളുണ്ടാകുന്നു. സുദീര്‍ഘമായ എഴുത്തുജീവിതത്തിനുശേഷവും നെല്ല് വല്‍സല എന്ന എഴുത്തുകാരിയുടെ മാസ്റ്റര്‍പീസും മലയാളത്തിലെ ക്ലാസിക് കൃതികളിലൊന്നുമായി അംഗീകാരവും നേടുന്നു.

മനുഷ്യര്‍ ഒട്ടേറെയുണ്ട് നെല്ലില്‍ കഥാപാത്രങ്ങളായി. മാരയും മല്ലനും, രാഘവന്‍ നായര്, ജോഗി,. കുറുമന്‍, ചാത്തന്, കരിയന്‍. ഇവര്‍ക്കൊപ്പം ഇവരേക്കാള്‍ പ്രാധാന്യത്തോടെ വയനാടിന്റെ മണ്ണും പ്രകൃതിയും. തിരുനെല്ലിയിലെ കറുത്ത മണ്ണ്, ബാവലിപ്പുഴ, പാപനാശിനി, പുലയന്‍കൊല്ലി, കുമ്പാരക്കുനി, പനവല്ലി, നരിനിരങ്ങിമല, ബ്രഹ്‌മഗിരി, ഗരുഡപ്പാറ, പക്ഷിപാതാളം ഒപ്പം നാടിന്റെ തനതുഭാഷയും. പാപനാശിനിയും കാളിന്ദിയും ബാവലിയും കാവല്‍നില്‍ക്കുന്ന തിരുനെല്ലിയിലെ കറുത്ത മണ്ണിലാണ് നെല്ലിന്റെ കഥ നടക്കുന്നത്. കാടോരം ചേര്‍ന്ന് വീടുകളെന്നു വിളിക്കാന്‍ യോഗ്യതയില്ലാത്ത കുടികളില്‍ താമസമുറപ്പിച്ച കുറച്ചു ഗോത്രവര്‍ഗ്ഗക്കാര്‍. ഇന്നലെയെക്കുറിച്ചും നാളെയെക്കുറിച്ചും ചിന്തയില്ലാതെ ഒരു നേരത്തെ വിശപ്പടക്കുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്നവര്‍. തിരിമുറിയാതെ മഴ പെയ്യുമ്പോഴും വെയില്‍ കത്തിക്കാളുമ്പോഴും ഒരു ജോലിയുമില്ലാതെ കുടിലുകളില്‍ പട്ടിണിയുടെ ദിവസങ്ങളെണ്ണുന്നവര്‍. കാലാവസ്ഥ അനുകൂലമാകുമ്പോള്‍ മാത്രം ജോലി. അതിനുള്ള കൂലി നേരത്തേവാങ്ങിയിരിക്കും, അടിമപ്പണം. വള്ളയൂര്‍ക്കാവിലെ ആറാട്ടിനാണ് അടിമകളെ കണ്ടെത്തുന്നത്. വളയും മാലയും ചേലയും അടുക്കിവച്ചിരിക്കുന്ന കടകള്‍ക്കുമുമ്പില്‍ കൊതിയോടെ നില്‍ക്കുന്ന പെണ്ണുങ്ങള്‍ക്ക് ജന്‍മിമാര്‍ പണം എറിഞ്ഞുകൊടുക്കുന്നു. അടിമപ്പണമാണത്. പണം വാങ്ങുന്നതോടെ ആ വര്‍ഷം മുഴുവന്‍ അവര്‍ ജോലിക്കാരായി കരാര്‍ ചെയ്യപ്പെടുകയാണ്. ഒരു കരാറും ഒപ്പുവയ്ക്കാതെ നടപ്പിലാകുന്ന ഉടമ്പടി. രാഘവന്‍ നായര്‍ എന്ന വെളുത്തമ്പ്‌രാന്‍ തലമുറകളായി നിലനിന്ന അടിമപ്പണം എന്ന അനാചാരത്തെ ഉപേക്ഷിച്ച് തന്റെ കളത്തിലെ കര്‍ഷകര്‍ക്ക് കൂലിക്കു വേല കൊടുക്കുന്നതോടെ അയാള്‍ മറ്റു ജന്‍മിമാരുടെ അപ്രീതിക്കു പാത്രമാകുന്നു. ചൂഷണം ചെയ്യപ്പെടുന്ന ആദിവാസികളുടെ മാത്രം കഥയല്ല നെല്ല്, മനുഷ്യത്വമുള്ള, സ്‌നേഹവും അനുകമ്പയുമുള്ള തമ്പുരാക്കന്‍മാരുടേതുമാണ്. മാരയാണ് നെല്ലിലെ നായിക. ഇഷ്ടപ്പെട്ട പുരുഷനെ സ്വന്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരേ ഗോത്രത്തില്‍പ്പെട്ടവരെന്ന തെറ്റായ ആരോപണം കേട്ട് കരളുരുകിയ പെണ്ണ്. ആരോപണത്തില്‍ പിന്തിരിയാതെ മൂപ്പനെ ഒറ്റയ്ക്കു ചെന്ന് കണ്ട് പിഴത്തുക കെട്ടിവച്ചാല്‍ പ്രിയപ്പെട്ടവനെ സ്വന്തമാക്കാമെന്ന ഉറപ്പു മേടിക്കുന്ന പെണ്ണ്

.

ദുരന്തങ്ങളുടെ ഘോഷയാത്രതന്നെയുണ്ട് മാരയുടെ ജീവിതത്തില്‍. ആദ്യം അമ്മ. പിന്നീട് ഉത്തരവാദിത്തമില്ലാത്ത അച്ഛന്‍. പിഴപ്പണം കെട്ടാന്‍ കൂടുതല്‍ അധ്വാനിക്കുന്നതിനിടെ ജീവന്‍ വെടിഞ്ഞ കാമുകന്‍. ഒടുവില്‍ എല്ലാ തെറ്റുകളുടെയും കാരണക്കാരിയൈന്ന ആക്ഷേപവും. എന്നാല്‍, വെളുത്ത തമ്പ്‌രാന്‍ എന്ന രാഘവന്‍ നായരുടെ കരുണയില്‍ മാര ജീവിതം തിരിച്ചുപിടിക്കുന്നു. തമ്പ്‌രാനെ കാത്തിരിക്കുന്ന രാവില്‍ മാരയുടെ മാനം ഉണ്ണിത്തമ്പുരാന്‍ കവരുന്നതോടെ ആരാന്റെ കുട്ടിയെ ഗര്‍ഭത്തില്‍ വഹിച്ച് കാതരനായി വിളിക്കുന്ന കാമുകനെ തള്ളിപ്പറയുന്ന മാര. തിരുനെല്ലിയിലെ കറുത്ത മണ്ണില്‍ വളരുന്ന നെല്ലിന്റെ ഗതിതന്നെയാണ് മാരയ്ക്കും. വേണ്ടതിലധികം കിട്ടിയിട്ടും നെല്ല് വേരോടെ പിഴുതെറിഞ്ഞ് മറ്റു കൃഷികള്‍ക്കു പിറകെ പോകാന്‍ തുടങ്ങുന്നതോടെ ചതിക്കപ്പെടുന്ന വയനാടന്‍ മണ്ണ്.
നെല്ലിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിളഞ്ഞ ഗന്ധകശാലയ്ക്ക് കാവല്‍ നില്‍ക്കുന്ന മല്ലനും, സഹജീവികളോടെ കാരുണ്യം കാത്തു സൂക്ഷിക്കുന്ന സാവിത്രി അന്തര്‍ജനവും കുറുമാട്ടി, മാരയും , ജോഗിയും കുറുമനും ചാത്തനുംകരിയനും പിന്നെ തിരുനെല്ലിയുടെ മണ്ണും പ്രകൃതിയും തിരുനെല്ലിയിലെ പഴമക്കാരുടെ ഓര്‍മയിലേക്ക് തിരിച്ചെത്തുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!