കാര്‍ഷിക മേഖലയെ തിരിച്ചുപിടിക്കാന്‍; പുനര്‍ജനി പദ്ധതി
പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയെ വീണ്ടെടുക്കാന്‍ പുനര്‍ജനി പദ്ധതിയുമായി കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ്. പ്രളയശേഷം കാര്‍ഷിക മേഖലയ്ക്കുണ്ടായ ഗുരുതരമായ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള കാര്‍ഷിക സര്‍വ്വകലാശാല, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, മണ്ണുസംരക്ഷണ വകുപ്പ്, എം.ജി.എന്‍.ആര്‍.ഇ.ജി.എ എന്നിവ സംയുക്തമായാണ് സംസ്ഥാനമൊട്ടാകെ പഞ്ചായത്ത് തലത്തില്‍ പുനര്‍ജനി മാതൃകാ വിളപരിപാലന രീതി നടപ്പാക്കുന്നത്. പ്രളയാനന്തരം മണ്ണിനും വിളകള്‍ക്കും സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് കാര്‍ഷിക സര്‍വകലാശാല ശാസ്ത്രീയ പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പുനര്‍ജനി പദ്ധതിയിലൂടെ നടത്തുക. ഇത്തവണത്തെ കനത്ത കാലവര്‍ഷത്തില്‍ 1,008 കോടി രൂപയുടെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയത്. പാടശേഖര സമിതികള്‍ക്കും അഗ്രോ സര്‍വീസ് സെന്ററുകള്‍ക്കും കൃഷി ഓഫിസുകള്‍ക്കു പോലും നാശം നേരിട്ടു. സര്‍ക്കാര്‍ സംവിധാനങ്ങളും ത്രിതല പഞ്ചായത്തുകളും കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിച്ചുവരികയാണ്. ആയിരം ഹെക്റ്റര്‍ നെല്‍വയലുകളിലേക്ക് 85 ടണ്ണോളം വിത്തുകള്‍ കൃഷിവകുപ്പ് മുഖേന വിതരണം ചെയ്തു. വാഴകൃഷി നശിച്ച കര്‍ഷകര്‍ക്ക് ഒമ്പതു ലക്ഷത്തോളം കന്നുകളുടെ വിതരണം പൂര്‍ത്തിയായി വരികയാണ്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകളില്‍ വാഴക്കന്ന് വിതരണം പൂര്‍ത്തിയായി. പനമരം, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഡിസംബര്‍ അവസാനത്തോടെ വിതരണം പൂര്‍ത്തിയാക്കും. പ്രളയം കവര്‍ന്ന പച്ചക്കറികള്‍ക്കു പകരം 27 ലക്ഷം പച്ചക്കറിത്തൈകളാണ് ജില്ലയില്‍ വിതരണം ചെയ്യുക. പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12ഉം വയനാട് പാക്കേജിലൂടെ 15ഉം ലക്ഷം തൈകളാണ് കര്‍ഷകര്‍ക്കു നല്‍കുക. വിള ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തി 250 ലക്ഷത്തോളം രൂപ കര്‍ഷകര്‍ക്കു വിതരണം ചെയ്തു. ഇതിന് പുറമെയാണ് പുനര്‍ജനി പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. നെല്‍കൃഷിക്ക് മൂന്നു കോടിയും ക്ഷീരമേഖലയ്ക്ക് രണ്ടുകോടിയും ജില്ലാ പഞ്ചായത്ത് ഇത്തവണ വകയിരുത്തുമെന്നും അവര്‍ അറിയിച്ചു. പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കി പുനര്‍കൃഷി ചെയ്ത നീര്‍വാരം കല്ലുവയല്‍ പാടശേഖരസമിതിക്കുള്ള ധനസഹായ വിതരണം കെ ബി നസീമ നിര്‍വഹിച്ചു. യോഗത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കുഞ്ഞായിഷ, പനമരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി കൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ടി മോഹനന്‍, ജില്ലാ കാര്‍ഷിക വികസന സമിതി അംഗം അഡ്വ. ജോഷി സിറിയക്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷാജി അലക്‌സാണ്ടര്‍, പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.