ദുരന്ത സാഹചര്യങ്ങളെ നേരിടാനുളള സുരക്ഷാ പാഠവുമായി അഗ്‌നി രക്ഷാ സേന. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അഗ്നിരക്ഷാ സേന ഒരുക്കിയ ബോധവല്‍ക്കരണ ക്ലാസ്സ് ശ്രദ്ധേയമാകുന്നത്. മനുഷ്യ നിര്‍മ്മിതമോ അല്ലാത്തതോ ആയ സാഹചര്യങ്ങളില്‍ അവ വിവിധ മാര്‍ഗങ്ങളുപയോഗിച്ച് ലഘൂകരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അഗ്‌നി രക്ഷാ സേന കുട്ടികളുമായി പങ്കുവെച്ചു. തീപിടുത്തമുണ്ടാകുന്ന സാഹചര്യത്തില്‍ തീ അണക്കാന്‍ ഉപയോഗിക്കുന്ന ഫയര്‍ എസ്റ്റിങ്ക്വിഷറിന്റെ ഉപയോഗവും സാധ്യതകളും വിദ്യാര്‍ത്ഥികള്‍ക്കായി പരിചയപ്പെടുത്തി.
അപകടങ്ങളില്‍ നല്‍കേണ്ട പ്രഥമ ചികിത്സാ മാര്‍ഗങ്ങള്‍, പാചകവാതക ഗ്യാസ് ലീക്കുണ്ടായാല്‍ അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങളില്‍ നല്‍കേണ്ട പ്രഥമ ചികിത്സകളെപ്പറ്റിയും ചടങ്ങില്‍ വിശദീകരിച്ചു.
കല്‍പ്പറ്റ അഗ്‌നി രക്ഷാ നിലയിത്തിലെ ഉദ്യോഗസ്ഥരായ സി.യു. പ്രവീണ്‍കുമാര്‍, ബേസില്‍ ജോസ്, എം.കെ. വിനോദ് തുടങ്ങിയവരാണ് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കിയത്. ബോധവല്‍ക്കരണ ക്ലാസ്സിലൂടെ അഗ്‌നിരക്ഷാ സേന പരിചയപ്പെടുത്തിയ അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധവും പകര്‍ന്നു.