മുന്നറിയിപ്പുകള്‍ മുന്നൊരുക്കങ്ങള്‍ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം ആചരിച്ചു

0

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എല്ലാവരിലേക്കും എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പൂക്കോട് എം.ആര്‍.എസ് സ്‌കൂളില്‍ ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. ദുരന്ത വ്യാപനവും ആഘാതവും പരമാവധി കുറയ്ക്കാനുള്ള തയാറെടുപ്പുകളാണ് നടത്തേണ്ടതെന്നും ദുരന്ത സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് തങ്ങളാല്‍ കഴിയും വിധം ചെയ്യാന്‍ കഴിയുന്ന ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ദുരന്തങ്ങള്‍ എങ്ങനെ ലഘൂകരിക്കാം എന്ന അവബോധം ജനങ്ങളില്‍ വളര്‍ത്തുക എന്നതാണ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ലക്ഷ്യം. എം.ആര്‍.എസ് സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി കെ.പി അനുശ്രീ തയ്യാറാക്കിയ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു.

”അപകട സാഹചര്യങ്ങളില്‍ എളുപ്പത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്താം” എന്ന വിഷയത്തില്‍ കല്‍പ്പറ്റ അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സി.യു. പ്രവീണ്‍ കുമാര്‍, ”ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങളും പ്രഥമ ശുശ്രൂഷയും” എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സി.ബി. സുമി, ”ദുരന്തങ്ങള്‍ പരിഹാര മാര്‍ഗങ്ങള്‍” എന്ന വിഷയത്തില്‍ കെ.വൈ.എല്‍.എ കെ.ആര്‍ അതുല്യ എന്നിവര്‍ ബോധവല്‍ക്കരണക്ലാസ്സെടുത്തു.
എ.ഡി.എം എന്‍.ഐ ഷാജു, വൈത്തിരി തഹസില്‍ദാര്‍ എം.എസ്. ശിവദാസന്‍, ഡി.എം സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ജോയി തോമസ്, ഹസാഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍, എം.ആര്‍.എസ് ഹെഡ് മാസ്റ്റര്‍ സി.കെ ആത്മാറാം, എം.ആര്‍.എസ് സീനിയര്‍ സൂപ്രണ്ട് എന്‍.ജെ. റെജി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!