പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72 -ാം പിറന്നാള്‍.
ഗുജറാത്തില്‍ തുടങ്ങി ഇന്ദ്രപ്രസ്ഥത്തില്‍ തുടര്‍ക്കഥയാകുന്ന ഒരു രാഷ്ട്രീയ അശ്വമേധത്തിന്റെ പേരാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി. 2004ലും പിന്നീട് 2009-ലും, തുടര്‍ച്ചയായി രണ്ടു ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ബിജെപിക്കിനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാവിയില്ലെന്ന് വിധി എഴുതിയവരുണ്ട്. ഒരു ദശാബ്ദത്തിനിപ്പുറം, 2014 ല്‍, അങ്ങ്, ഗുജറാത്തില്‍ നിന്ന്, ബിജെപിയെ ഒറ്റയ്ക്ക് തോളിലേറ്റി, നരേന്ദ്ര മോദി എന്ന നായകന്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് പടനയിച്ചപ്പോള്‍, ചരമക്കുറിപ്പെഴുതിയവരുടെ കണ്ണു തള്ളി.
ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്ന ബിജെപി, മുന്നണിക്കൊപ്പം നേടിയത് 336 സീറ്റുകള്‍. സമാനതകളില്ലാത്ത ചരിത്രവിജയത്തിലേക്ക് ഊര്‍ജം പകര്‍ന്നത് നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലപ്പൊക്കത്തേക്ക് നരേന്ദ്ര ദാമോദര്‍ദാസ് മോദി വളര്‍ന്നുയര്‍ന്നത് സ്വന്തം പ്രയക്തം ഒന്നുകൊണ്ടു മാത്രമാണ്.1950 സെപ്തംബര്‍ 17 ന് ഗുജറാത്തിലെ മെഹ്സാനയില്‍ ദാമോദര്‍ദാസ് മുള്‍ചന്ദ് മോദിയുടെയും ഹീരാബെന്നിന്റെ ആറുമക്കളില്‍ മൂന്നാമനായി ജനനം. ചായക്കച്ചവടമായിരുന്നു അച്ഛന്റെ ഉപജീവനമാര്‍ഗം. ലക്ഷ്യബോധവും അതിന് വേണ്ടി പോരാടാനുള്ള മനസും, മോദിക്കുമുന്നിലെ കടമ്പകളെ ഓരോന്നായി ഇല്ലാതാക്കി. ആര്‍ എസ് എസ് കാര്യാലയത്തിലെ സഹായിയില്‍നിന്ന് തുടങ്ങി, ബിജെപിയുടെ ഗുജറാത്ത് ജനറല്‍ സെക്രട്ടറി, ദേശീയ സെക്രട്ടറി, 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രി .. കണക്ക് കൂട്ടിയും കുറച്ചുമാണ് പ്രധാനമന്ത്രി പദം വരെ നരേന്ദ്ര മോദി വളര്‍ന്നത്. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ സാധാരണക്കാര്‍ക്കും എത്തിപ്പിടിക്കാവുന്ന നേട്ടങ്ങള്‍ക്ക് പരിധികളില്ലെന്നതാണ് നരേന്ദ്ര മോദി പകരുന്ന പാഠം.