ഹയര്‍സെക്കണ്ടറി കംപാര്‍ട്ട്‌മെന്റല്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ: ഉത്തരവ് പാഴാകുമെന്ന് ആശങ്ക
ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 2016 കാലഘട്ടത്തിന് ശേഷം തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുന്ന കംപാര്‍ട്ട്‌മെന്റല്‍ പരീക്ഷക്കും, നിലവില്‍ ഹയര്‍സെക്കണ്ടറി രണ്ടാംവര്‍ഷക്കാര്‍ക്ക് പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റിനും ഫീസ് ഇളവ് നല്‍കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയെങ്കിലും നൂറുകണക്കിന് പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അതിന്റെ ഗുണം കിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയുണ്ട്. ഓണം അവധി തുടങ്ങുന്നതിന് മുന്‍പാണ് ഇതിനുള്ള വിജ്ഞാപനം വന്നത്. ഫൈന്‍ ഇല്ലാതെ 15-09-2022 ഉം ഫൈനോടു കൂടി 17-09-2022 മാണ് അപേക്ഷാ തീയതികള്‍ പറഞ്ഞിരുന്നത്. ഒരു പേപ്പറിന് 225 രൂപ ഫീസ് അടക്കണം. ഒന്നിലേറെ പേപ്പറുണ്ടെങ്കില്‍ അതിലേറെയാകും. ഫൈനോടുകൂടി 600 രൂപയോളം ഒരു പേപ്പറിന് വരും. പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടറും, എസ്.സി./എസ്.റ്റി. വകുപ്പ് മന്ത്രിയുടെ ഓഫീസും, ആദിശക്തി സമ്മര്‍ സ്‌കൂള്‍ പോലുള്ള സംഘടനകളും വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നത് കാരണം എസ്.റ്റി. വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവ് നല്‍കാനുള്ള ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ഇന്ന് ഒരു ദിവസം കൊണ്ട് എത്ര വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുമെന്നത് സംശയമാണ്. തോറ്റവിദ്യാര്‍ത്ഥികള്‍ നൂറുകണക്കിനുള്ള ജില്ലയാണ് വയനാട്. 2016 ല്‍ 700, 2017 ല്‍ 751, 2018 ല്‍ 800, 2019 ല്‍ 782, 2020 ല്‍ 909, 2021 ല്‍ 951, 2022 ല്‍ 753 എന്നീ നിരക്കിലാണ് വയനാട്ടില്‍ തോറ്റവരുള്ളത്. പാതിവഴിയില്‍ ഡ്രോപ്പ് ഔട്ട് ആയവര്‍ ഇതിനാം പുറമെയാണ്. ശരാശരി 500 പേര്‍ അങ്ങിനെ പുറന്തള്ളപ്പെടുന്നുണ്ട്. 5000 ത്തിലേറെ വിദ്യാര്‍ത്ഥികള്‍ 2017 മുതല്‍ തോറ്റവരുണ്ട്. കോവിഡ് സാഹചര്യവും, ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പ്രശ്‌നത്തെ ഗുരുതരമാക്കിയിട്ടുണ്ട. പട്ടികവര്‍ഗ്ഗ വകുപ്പും, കലക്ടറും ഇടപെട്ട്, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അവസരം ലഭിക്കും വിധം സമയം നീട്ടി നല്‍കണമെന്ന ആവശ്യമാണ് സംഘടനകള്‍ മുന്നോട്ട് വെക്കുന്നതെന്ന് ആദിശക്തി സമ്മര്‍ സ്‌കൂള്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ മേരി ലിഡിയ,ആക്റ്റിംഗ് പ്രസിഡണ്ട് മണികണ്ഠന്‍. സി. എന്നിവര്‍ പറഞ്ഞു.