സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ ഇന്ന് ഉച്ചയ്ക്കാണ് ഉപവാസം സമരംസംഘടിപ്പിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കൂട്ടായ്മയായ ശബരി സ്വയംസഹായക സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് മാസമായിട്ടും ശമ്പളം പൂര്‍ണ്ണമായും ലഭിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാരുടെ കൂട്ടായ്മായ ശബരി സ്വയംസഹായക സംഘത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളും ഉപവാസസമരം നടത്തിയത്. ഓണമെത്തിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തത്തില്‍ ശക്തമായ പ്രതിഷേധമാണ് ജീവനക്കാരിലും കുടുബാംഗങ്ങളില്‍ നിന്നും ഉയരുന്നത്.ശമ്പളമില്ല ജീവനക്കാര്‍ പട്ടിണിയില്‍, നിങ്ങള്‍ക്കും കുടുംബമില്ലേ, നിങ്ങള്‍ സുരക്ഷിതരായി ജീവിക്കുന്നില്ലേ, കെഎസ്ആര്‍ടിസി ജീവനക്കാരെയും കുടുംബത്തെയും കൊല്ലാതിരിക്കാന്‍ പറ്റുമോ ഭരണക്കാരെ, കൂപ്പണ്‍ചവറ്റുകുട്ടയില്‍ എറിയുക, തിമിരം ബാധിച്ച സര്‍ക്കാറും മാനേജ്മെന്റും നീതിപാലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും കയ്യിലേന്തിയാണ് കുടുംബാംഗങ്ങള്‍ സുല്‍്ത്താന്‍ബത്തേരി ഡിപ്പോയ്ക്കുമുന്നില്‍ പ്രതിഷേധിച്ചത്. ശമ്പളം കിട്ടാത്തതിനാല്‍ കുട്ടികളുടെ പഠനവും, കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അസുഖംബാധിച്ചാല്‍ ചികിത്സപോലും മുടങ്ങുകയാണ്. ഇതുകാരണം ജീവിതംതന്നെ വഴിമുട്ടി അനാഥമാകുന്ന അവസ്ഥയാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടുംബങ്ങള്‍ സംഭവിക്കുന്നതെന്ന് കുടുംബാംഗമായ ഷീജസതീഷ് പറഞ്ഞു. രണ്ട് മാസത്തെ ശമ്പളത്തില്‍ മൂന്നിലൊന്ന് പണമായും ബാക്കി കൂപ്പണ്‍ നല്‍കുന്നതിലും കാര്യമില്ലന്നും ഇത് ഉപാകരപ്പെടില്ലന്നുമാണ് ആരോപണം. പ്രതിഷേധപരിപാടി നൂല്‍പ്പൂഴ പഞ്ചായത്ത് പ്രസിഡണ്ടും കുടുംബാംഗവുമായ ഷീജ സതീഷ് ഉല്‍ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് സി വി എല്‍ദോ അധ്യക്ഷനായി. കെ എന്‍ അനീഷ്, പ്രസന്നശശീന്ദ്രന്‍, കെ പി വിജയന്‍, ടി എസ് സുരേഷ്, പി ആര്‍ രാജീവ്, ഖാജാസലീം, ബിനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഓണത്തിന് പട്ടിണിക്കിടരുടെ എന്ന മുദ്രവാക്യവുമായി പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയിന്റ് കൗണ്‍സില്‍ പ്രകടനം നടത്തി.