വാട്സാപ് സ്‌ക്രീന്‍ഷോട്ടിന് നിയന്ത്രണം
തുറന്നു വായിച്ചാലുടന്‍ സ്വയം ‘ഡിലീറ്റ്’ ആകുന്ന മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതു തടയാന്‍ വാട്സാപ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഉപയോക്താക്കള്‍ക്കു കൂടുതല്‍ സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഒരാള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ അത് സ്വീകരിക്കുന്നയാള്‍ കണ്ടാലുടന്‍ അപ്രത്യക്ഷമാകുന്ന സംവിധാനം നേരത്തേ വാട്സാപ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അത്തരം മെസേജുകളുടെയും ചിത്രങ്ങളുടെയും സ്‌ക്രീന്‍ഷോട്ട് എടുത്തു ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നടപടി.ഗ്രൂപ്പുകളില്‍നിന്ന് അംഗങ്ങളറിയാതെ പുറത്തുപോകാനുള്ള അവസരവും ഈ മാസം തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്ന് വാട്സാപ് ഉടമകളായ മെറ്റയുടെ മേധാവി ് പറഞ്ഞു. ഗ്രൂപ്പ് അഡ്മിനു മാത്രം ഒരാള്‍ പുറത്തുപോയെന്ന് നോട്ടിഫിക്കേഷന്‍ ലഭിക്കും. ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറ്റുള്ളവരില്‍നിന്നു മറച്ചുപിടിക്കാനുള്ള ഫീച്ചറും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താവ് ഓണ്‍ലൈന്‍ ആയി ഇരുന്നാലും മുകളില്‍ ഡിപിക്കു താഴെ ഓണ്‍ലൈന്‍ എന്ന് കാണിക്കാതിരിക്കുന്നതാണ് ഫീച്ചര്‍.താന്‍ ഓണ്‍ലൈന്‍ ആണെന്ന് ആരൊക്കെ അറിയണമെന്ന് ഉപയോക്താവിനു തീരുമാനിക്കാം. ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ലോഗിന്‍ അക്കൗണ്ട് ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. മറ്റേതെങ്കിലും ഡിവൈസില്‍ നിങ്ങളുടെ വാട്‌സാപ് തുറക്കാന്‍ ശ്രമിച്ചാല്‍ ഫോണില്‍ നോട്ടിഫിക്കേഷന്‍ കിട്ടുന്ന സൗകര്യമാണ് ഉണ്ടാകുക. അനുമതി നല്‍കാനോ നിഷേധിക്കാനോ ഉപയോക്താവിന് സാധിക്കും. വാട്‌സാപ് തുറക്കാന്‍ ശ്രമിച്ച തീയതി, സമയം, ഡിവൈസ് എന്നിവയുടെ വിവരങ്ങളാകും നോട്ടിഫിക്കേഷനായി വരിക. സ്വകാര്യതയ്ക്ക് ഉപയോക്താക്കള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നതായി വാട്സാപ് നടത്തിയ പഠനത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്നാണ് കൂടുതല്‍ സുരക്ഷാഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയത്. ഇവ സംബന്ധിച്ച് ഇന്ത്യയിലും ബ്രിട്ടനിലുമാണ് ആദ്യം ബോധവല്‍ക്കരണം നടത്തുകയെന്ന് പ്രോഡക്ട് ഹെഡ് ആമി വോറ പറഞ്ഞു.