സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനൊപ്പം ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിലും നേരിയ വര്‍ധനവ്. ഗുരുതര രോഗികളുടെ എണ്ണം കൂടിയാല്‍ നേരിടാനായി മെഡിക്കല്‍ കോളേജുകളുള്‍പ്പടെ ഒരുക്കം തുടങ്ങി. രോഗപ്രതിരോധ ശേഷിയെ മറികടക്കാന്‍ ശേഷിയുള്ള വകഭേദമായതിനാല്‍ ജാഗ്രത ശക്തമാക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്നത്. കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ നിരീക്ഷണം നടത്തുകയാണെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ക്ലസ്റ്ററുകള്‍ രൂപപെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് കേസുകളില്‍ ഉണ്ടായ ഉയര്‍ച്ച ആനുപാതികമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്. ആക്റ്റീവ് രോഗികളില്‍ പത്ത് ശതമാനം പേര്‍ക്കാണ് ആശുപത്രികളില്‍ ചികിത്സ വേണ്ടി വരുന്നത്. മെഡിക്കല്‍ കോളേജുകളില്‍ എത്തുന്ന ഗുരുതര രോഗികളുടെ എണ്ണത്തിലും നേരിയ വര്‍ധനവ് പ്രകടമാകുന്നതായി അധികൃതര്‍ പറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം കൂടിയാല്‍ ഐസിയു, വെന്റിലേറ്റര്‍ ആവശ്യമുള്ള രോഗികളും കൂടുമെന്നത് കൊണ്ടാണ് മെഡിക്കല്‍ കോളേജുകളുള്‍പ്പടെ സര്‍ജ് പ്ലാന്‍ ഇതിനോടകം തയാറാക്കുന്നത്. രോഗപ്രതിരോധ ശേഷിയെ ഭേദിക്കുന്ന വകഭേദമായതിനാല്‍ ജാഗ്രത ശക്തമാക്കണമെന്ന മുന്നറിയിപ്പാണ് വിദഗ്ദരും നല്‍കുന്നത്. മറ്റു രോഗങ്ങളുള്ളവര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക ജാഗ്രത.