പ്രത്യേക ഓണക്കിറ്റുകളുമായി സപ്ലൈകോ; ഓരോ നൂറു കിറ്റിലും ഒരു സമ്മാനം

0

ഈ വര്‍ഷം മുതല്‍ ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ ഉത്സവ സീസണുകളില്‍ സപ്ലൈകോ സ്പെഷല്‍ കിറ്റുകള്‍ തയ്യാറാക്കി വില്‍പന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ ജി ആര്‍ അനില്‍. ഇതിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് 1000 മുതല്‍ 1200 രൂപവരെ വിലയുള്ള സ്പെഷല്‍ ഓണക്കിറ്റുകള്‍ തയ്യാറാക്കി വില്പന നടത്തും. റസിഡന്‍സ് അസോസിയേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് ഓര്‍ഡറുകള്‍ ശേഖരിച്ച് ഉപഭോക്താക്കള്‍ക്ക് കിറ്റുകള്‍ നേരിട്ടെത്തിക്കും.

ഓരോ സൂപ്പര്‍ മാര്‍ക്കറ്റിലും കുറഞ്ഞത് 250 സ്പെഷ്യല്‍ കിറ്റുകള്‍ ഇത്തരത്തില്‍ വില്‍പന നടത്തും. ഓരോ നൂറു കിറ്റിലും ഒരു സമ്മാനം നല്‍കും. സംസ്ഥാനതലത്തില്‍ മെഗാ നറുക്കെടുപ്പ് നടത്തി സമ്മാനവിതരണവും നടത്തും. സപ്ലൈകോ തയ്യാറാക്കിയിട്ടുള്ള ഓണത്തിന് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റില്‍ നിന്നും ഉപഭോക്താവിന് അവരവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കുന്ന സമയത്ത് തന്നെ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ വില്‍പനകൂടി വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇടത്തരം കുടുംബങ്ങളുടെയും ഇതുവരെ സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് വരാത്ത കുടുംബങ്ങളെയും സപ്ലൈകോയുടെ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈ വര്‍ഷം വിപുലമായ ഓണം ഫെയറുകള്‍ ഓഗസ്റ്റ് 27 മുതല്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും 27ന് തന്നെ ജില്ലാ ഫെയറുകള്‍ ആരംഭിക്കും. എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ ഫെയറുകളും സംഘടിപ്പിക്കും. സെപ്റ്റംബര്‍ 6 വരെയാണ് ഫെയറുകള്‍. സംസ്ഥാനത്ത് 140 നിയോജകമണ്ഡലങ്ങളിലും സെപ്റ്റംബര്‍ 1 മുതല്‍ ഫെയറുകള്‍ സംഘടിപ്പിക്കും. പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇവിടെ നിന്നും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 500 സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഫെയറുകള്‍ നടത്തും. പഴം, പച്ചക്കറികള്‍ ഉള്‍പ്പെടെ കാര്‍ഷിക വിഭവങ്ങള്‍ വില്പന നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഫെയറുകളില്‍ ചെയ്യും. ഹോര്‍ട്ടികോര്‍പ്പ്, മില്‍മ, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ(എം.പി.ഐ) തുടങ്ങിയ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ മേളയില്‍ വില്പന നടത്തുമെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!