പാതിരിപ്പാലം പുതിയ പാലത്തിലെ കുഴികളടച്ചു
പാതിരിപ്പാലം പാലത്തില്‍ രൂപപ്പെട്ട കുഴികള്‍ അടച്ചു. നിലവില്‍ പൊളിഞ്ഞ ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് കട്ടിംഗ് മെഷീനുപയോഗിച്ച് കട്ട് ചെയ്ത് മാറ്റിയാണ് കുഴികളടച്ചത്. എന്നാല്‍ പൊളിഞ്ഞ് കുഴികളായ ഭാഗം മാത്രം അറ്റകുറ്റപ്പണി നടത്തുകയും വിള്ളല്‍ വീണതും അടുത്ത ദിവസങ്ങളിലായി വീണ്ടും പൊളിയുമെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന ഭാഗങ്ങളില്‍ പ്രവൃത്തി ചെയ്യാത്തതില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തി.അപകടങ്ങള്‍ക്കിടയാക്കും മുന്‍പ് കുഴികളടക്കുന്നതിനാണ് പ്രഥമ പരിഗണന എന്നും കരാറുകാരനുമായി സംസാരിച്ച് വേണ്ട ഇടപെടല്‍ നടത്തുമെന്നും പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റെനി മാത്യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിച്ചു. ഇതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്. പ്രശ്‌നസാധ്യത കണക്കിലെടുത്ത് മീനങ്ങാടി പോലീസും സംഭവ സ്ഥലത്തെത്തിയിരുന്നു.