കുട്ടികളിലെ കാഴ്ച വൈകല്യം: നൂതന ചികിത്സാ രീതിയുമായി ഡിഇഐസി

0

കുട്ടികളിലെ കാഴ്ച വൈകല്യം നേരത്തേ കണ്ടെത്തി ഫലപ്രദമായി പരിഹരിക്കാനുള്ള നൂതന ചികിത്സാ രീതിയുമായി ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം. കൈനാട്ടി ജനറല്‍ ആശുപത്രി പരിസരത്ത് പ്രവര്‍ത്തിച്ചുവരുന്ന ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ സെറിബ്രല്‍ (കോര്‍ട്ടിക്കല്‍) വിഷന്‍ ഇമ്പയര്‍മെന്റ് ഉള്ള കുട്ടികള്‍ക്കായി സിവിഐ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. മസ്തിഷ്‌ക ക്ഷതം കാരണം സംഭവിക്കുന്ന കാഴ്ച വൈകല്യമാണ് സിവിഐ. സാധാരണ കാഴ്ച വൈകല്യത്തില്‍ നിന്നു വ്യത്യസ്തമാണ് ഇത്. തലച്ചോറിന്റെ വിഷ്വല്‍ സെന്ററുകളെയും പാതകളെയുമാണ് സിവിഐ ബാധിക്കുന്നത്. ഇതു കാഴ്ച സംവേദനം ചെയ്യുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും കുട്ടികളിലുമാണ് ഇതു കൂടുതല്‍ കണ്ടുവരുന്നതെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി പറഞ്ഞു.
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍, ജനിച്ച സമയത്ത് ഓക്സിജന്‍ അഭാവം മൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടായ കുഞ്ഞുങ്ങള്‍, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ കുഞ്ഞുങ്ങള്‍, മെനിഞ്ചൈറ്റിസ് മുതലായ രോഗങ്ങള്‍ വന്നിട്ടുള്ള കുട്ടികള്‍ എന്നിവരില്‍ ഈ വൈകല്യ സാധ്യത കൂടുതലുണ്ട്. ഇത്തരം കുഞ്ഞുങ്ങളെ വിവിധ നേത്ര പരിശോധനകളിലൂടെ നേരത്തേ കണ്ടെത്തി എത്രയും പെട്ടെന്നു ചികിത്സ ആരംഭിക്കേണ്ടതുണ്ട്. ഡിഇഐസിയില്‍ പ്രവര്‍ത്തിച്ചുവരുന്ന സിവിഐ ക്ലിനിക്കില്‍ തുടര്‍ച്ചയായ തെറാപ്പികളിലൂടെ ഈ കാഴ്ച വൈകല്യം ലഘൂകരിക്കാന്‍ കഴിയും. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച ഒപ്റ്റോമെട്രിസ്റ്റിന്റെ സേവനം ലഭ്യമാണെന്നും ഡോ. സമീഹ സൈതലവി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!