ഉയരങ്ങളില്‍ സഞ്ചരിച്ചപ്പോഴും പാദം മണ്ണിലൂന്നിയ ബഹുമുഖ പ്രതിഭയായിരുന്നു എം.പി.വീരേന്ദ്രകുമാറെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഹാളില്‍ വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യാവസ്ഥയുടെ എല്ലാ മണ്ഡലങ്ങളിലും വീരേന്ദ്രകുമാര്‍ ചിന്തയും പ്രവര്‍ത്തനങ്ങളുമായി വ്യാപരിച്ചുണ്ടെന്നും വീരേന്ദ്രകുമാര്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുകയും അവിടെയൊക്കെ ഉയരങ്ങളിലെത്തുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.വീരേന്ദ്രകുമാറിന് മനുഷ്യസ്നേഹത്തിന്റെ ഒരുപാട് ചിറകുകളുണ്ടായിരുന്നു.പ്രബുദ്ധരായിരിക്കുക, മനുഷ്യസ്നേഹികളായിരിക്കുക എന്നാണ് വീരേന്ദ്രകുമാര്‍ പറഞ്ഞത്. അത് വീണ്ടും വീണ്ടും ഉള്‍ക്കൊള്ളണമെന്നും മുകുന്ദന്‍ പറഞ്ഞു. മുന്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സംഷാദ് മരക്കാര്‍ പാടിയില്‍ അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ, ഒ.ആര്‍.കേളു എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ. കരീം, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.കെ.ഹംസ, അഡ്വ.ഇ.ആര്‍. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.