മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാരിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന് ഇന്നു തുടക്കം.

0

രാവിലെ 11 മണിക്ക് മയക്കുമരുന്നിനെതിരെയുള്ള മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെ രണ്ടാം ഘട്ട ക്യാമ്പയിന് തുടക്കമാകും. ജനുവരി 26 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശം കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്യും. പരിപാടി എല്ലാ സ്‌കൂളിലും കോളേജിലും തത്സമയം പ്രദര്‍ശിപ്പിക്കും. എക്‌സൈസ് വകുപ്പും വിമുക്തി മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും അഞ്ചുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ ‘തെളിവാനം വരയ്ക്കുന്നവര്‍’ ബോധവത്കരണ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

ലഹരിവിരുദ്ധ ക്ലാസ് സഭകള്‍

മലയാളത്തില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ ഇംഗ്ലീഷ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷാ പതിപ്പുകളും തയ്യാറാക്കും. വിവിധ ആദിവാസി ഭാഷകളിലും പുസ്തകം തയ്യാറാക്കും. പുസ്തക വിതരണത്തിലൂടെ 65 ലക്ഷം കുടുംബങ്ങളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാളെ സംസ്ഥാനത്തെ എല്ലാ ക്ലാസിലും ലഹരിവിരുദ്ധ ക്ലാസ് സഭകളും ചേരും. ഇതിനായി ഒരു പിരിയഡ് ഉപയോഗിക്കും.

ആദ്യഘട്ട ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കിയ കാര്യങ്ങള്‍, രണ്ടാം ഘട്ട ക്യാമ്പയിന്റെ വിവരങ്ങള്‍, വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. സ്‌കൂള്‍ പാര്‍ലമന്റ്/കോളേജ് യൂണിയന്‍ ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. സ്‌കൂള്‍/കോളേജ് തലത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിക്കും. ലഹരി മുക്ത ക്യാമ്പസിനായുള്ള മാസ്റ്റര്‍ പ്ലാനിന്റെ തുടക്കമായി ഈ പരിപാടി മാറും.

നവംബര്‍ 8ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഉന്നത തല സമിതി യോഗമാണ് പരിപാടികള്‍ രൂപകല്‍പ്പന ചെയ്തത്.
പ്രചാരണത്തിനൊപ്പം എക്‌സൈസും പൊലീസും ശക്തമായ എന്‍ഫോഴ്‌സ്മെന്റ് നടപടികള്‍ തുടരുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. ഒക്ടോബര്‍ 6 മുതല്‍ നവംബര്‍ 1 വരെയുള്ള ഒന്നാം ഘട്ട ക്യാമ്പയിന്‍ കാലയളവില്‍ പൊലീസ് 2823 കേസുകളിലായി 3071 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ വര്‍ഷം നവംബര്‍ ഒന്ന് വരെ പൊലീസ് 22606 മയക്കുമരുന്ന് കേസും എക്‌സൈസ് 4940 മയക്കുമരുന്ന് കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.

ഗോള്‍ ചലഞ്ചിന് ബുധനാഴ്ച തുടക്കമാകും

ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തെയും മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാക്കാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഗോള്‍ ചലഞ്ചിന് ബുധനാഴ്ച തുടക്കമാകും. രണ്ട് കോടി ഗോളടിക്കാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഗോളടിച്ച് നിര്‍വ്വഹിക്കും. എല്ലാ വിദ്യാലയങ്ങളിലും, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും, തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലും, കുടുംബശ്രീ യൂണിറ്റുകളിലും, പൊതുസ്ഥലങ്ങളിലും ഗോള്‍ ചലഞ്ച് നടക്കും. ഒന്നാം ഘട്ടത്തില്‍ ഒരു കോടിയോളം ആളുകളെ അണിനിരത്തിയ ശൃംഖല ആണ് തീര്‍ത്തതെങ്കില്‍, രണ്ടാം ഘട്ടത്തില്‍ രണ്ട് കോടി ഗോളടിക്കാനാണ് ലക്ഷ്യമിടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!