ആനത്താരകളുടെ സംരക്ഷണത്തിനു കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കുന്നു. കാട്ടാനകളുടെ പരമ്പരാഗത സഞ്ചാരമാര്‍ഗങ്ങള്‍ കണ്ടെത്തി വിജ്ഞാപനം ചെയ്യാനാണ് കേന്ദ്ര നീക്കം. വനാതിര്‍ത്തികളില്‍ കാട്ടാന-മനുഷ്യ സംഘര്‍ഷം ലഘൂകരിക്കുന്നതിനും നിര്‍മാണങ്ങള്‍ തടയുന്നതിനും വിജ്ഞാപനം ഉതകുമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.കേന്ദ്ര മന്താലയത്തിന്റെ രേഖകള്‍ അനുസരിച്ച് കേരളത്തില്‍ 12 ആനത്താരകളാണുള്ളത്. കേരള-കര്‍ണാടക അതിര്‍ത്തിയിലും കേരള-തമിഴ്‌നാട് അതിര്‍ത്തിയിലും ഓരോ ആനത്താരകളുണ്ട്.
വിജ്ഞാപനം ചെയ്യുന്നതിനു മുമ്പ് ആനത്താരകളുടെ ആധികാരികത ഉറപ്പുവരുത്തും. എലിഫെന്റ് റിസര്‍വുകളിലെ ഭൂവിനിയോഗം ഭൂമിശാസ്ത്ര, വിവര വിനിമയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിക്കും.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുംസംയുക്തമായി 2005ല്‍ നടത്തിയ പഠനത്തില്‍ രാജ്യത്ത് 88 ആനത്താരകള്‍ കണ്ടെത്തിയിരുന്നു. 2015ല്‍ 101 ആനത്താരകളാണ് കാണാനായത്. പരമ്പരാഗത സഞ്ചാരവഴികളില്‍ മനുഷ്യരുണ്ടാക്കിയ തടസ്സങ്ങളാണ് സഞ്ചാരത്തിനു പുതിയ പാതകള്‍ കണ്ടെത്താന്‍ ആനകളെ പ്രേരിപ്പിച്ചതെന്നാണ് വെല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ വിദഗ്ധരുടെ അഭിപ്രായം. സ്വകാര്യ ഭൂമികളിലൂടെയാണ് ചില ആനത്താരകള്‍. അതിനാല്‍ സ്വകാര്യഭൂമി വിനിയോഗം നിയന്ത്രിക്കുന്ന രീതിയിലുള്ള വിജ്ഞാപനമായിരിക്കും ഉണ്ടാകുക. ആനകളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താത്ത നിര്‍മാണങ്ങള്‍ മാത്രം സ്വകാര്യ ഭൂമിയില്‍ അനുവദിക്കാനാണിട.സംഘര്‍ഷത്തില്‍ 2009-2022 കാലത്ത് 5,000ല്‍ അധികം മനുഷ്യരും 1,200 ആനകളും രാജ്യത്ത് കൊല്ലപ്പെട്ടു. പശ്ചിമബംഗാളില്‍ മാത്രം 821 പേര്‍ മരിച്ചു. രാജ്യത്ത് ഇക്കാലത്ത് 640 ആനകളാണ് ഷോക്കേറ്റ് ചരിഞ്ഞത്. ട്രെയിന്‍ തട്ടി 170 ഉം വിഷം അകത്തുചെന്ന് 62 ഉം ആനകള്‍ കൊല്ലപ്പെട്ടു. മനുഷ്യരും ആനകളും തമ്മിലുള്ള സംഘര്‍ഷത്തില്‍ പ്രതിവര്‍ഷം 400-450 പേര്‍ രാജ്യത്ത് മരിക്കുന്നുവെന്നാണ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പറയുന്നത്.
കേന്ദ്ര മന്താലയത്തിന്റെ രേഖകള്‍ അനുസരിച്ച് കേരളത്തില്‍ 12 ആനത്താരകളാണുള്ളത്. കേരള-കര്‍ണാടക അതിര്‍ത്തിയിലും കേരള-തമിഴ്‌നാട് അതിര്‍ത്തിയിലും ഓരോ ആനത്താരകളുണ്ട്. കേരളത്തിലെ ഭൂരിഭാഗം ആനത്താരകളും മുമ്പേ സുരക്ഷിതമാക്കിയതാണ്. പേരിയ-കൊട്ടിയൂര്‍ ആനത്താര സംരക്ഷണത്തിനു നടപടികള്‍ അന്തിമഘട്ടത്തിലാണ്. തമിഴുനാട്ടിലെ നീലഗിരിയില്‍ ആനത്താരകള്‍ക്കു ഭീഷണിയായ നിരവധി റിസോര്‍ട്ടുകള്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് പൂട്ടിയിരുന്നു. വടക്കേ വയനാട്ടില്‍ ആനത്താരയിലെ സ്വകാര്യ ഭൂമികള്‍ നഷ്ടപരിഹാരം നല്‍കി വനം വകുപ്പ് ഏറ്റെടുത്തിരുന്നു.