തുടര്‍ച്ചയായ മൂന്നാം ദിവസവും 2 ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍

0

തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടു ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ
234692 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1341 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.പുതിയ കണക്കുകള്‍ പ്രകാരമുള്ള കോവിഡ് കേസുകളില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളില്‍ 59.79 ശതമാനവും, മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത് 398 മരണങ്ങളാണ്.

ഡല്‍ഹിയില്‍ 141 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.1,45,26,609 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 1,26,71,220 പേര്‍ കോവിഡ് മുക്തരായപ്പോള്‍ 1,75,649 പേര്‍ മരണപ്പെട്ടു. നിലവില്‍ 16,79,740 ആക്ടീവ് കേസുകളാണ് ഇന്ത്യയിലുള്ളത്. ഇന്നലെ വരെ രാജ്യത്ത് 11,99,37,641 ഡോസ് വാക്‌സിനും നല്‍കി.

അതേസമയം കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള നിര്‍ത്തിവയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ജുന അഖാഡ തീരുമാനിച്ചു. പ്രതീകാത്മകമായി കുംഭമേള നടത്തിയാല്‍ മതിയെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി സ്വാമി അവ്‌ദേശാനന്ദ ഗിരി വ്യക്തമാക്കി.

ഇതിനിടയില്‍ കേരളത്തില്‍ കോവിഡ് വാക്‌സിന്‍ ക്ഷാമം തുടരുകയാണ്. ഇന്നലെ രണ്ട് ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനത്ത് എത്തിയെങ്കിലും വിതരണ കേന്ദ്രങ്ങളിലെത്തിച്ചിട്ടില്ല. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ രാവിലെ വാക്‌സിന്‍ എടുക്കാനെത്തിയവര്‍ ഇതു മൂലം ബുദ്ധിമുട്ടിലായി.

സംസ്ഥാനത്ത് രണ്ടരലക്ഷം പേരില്‍ കൂട്ട പരിശോധന നടത്താനുള്ള ശ്രമം ഇന്നും തുടരും. 1,33,836 പേരെ ഇന്നലെ പരിശോധിച്ചു. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ പേരെ പരിശോധിച്ചത്. 19,300 പേര്‍ ഇന്നലെ ജില്ലയില്‍ പരിശോധനയ്ക്ക് വിധേയരായി. കോഴിക്കോട് ജില്ലയിലാണ് സംസ്ഥാനത്തെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3055 പേരെ പരിശോധിച്ച ഇടുക്കിയിലാണ് കുറവ്. തിരുവനന്തപുരത്ത് 14,087 പേരെയും എറണാകുളത്ത് 16,210 പേരെയും പരിശോധിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ പ്രധാനടൗണുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം. ബേക്കല്‍ കോട്ടയില്‍ മെയ് 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആറ് മാസത്തിന് ശേഷം പതിനായിരം കടന്നു. ഒക്ടോബര്‍ 10ന് ശേഷം ആദ്യമായാണ് കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും 14 കടക്കുന്നത് ആറ് മാസത്തിന് ശേഷമാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം 10,000 കടക്കുന്നത്. ഒക്ടോബര്‍ 10 ന് 11,75 ആയിരുന്നു ആകെ കോവിഡ് രോഗികള്‍. എന്നാല്‍ അതിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വന്നു. ആറ് മാസവും ആറ് ദിവസങ്ങളും കഴിഞ്ഞാണ് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളിലെത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!