ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനും തെക്കേപ്പുറം എക്‌സ്പ്പാറ്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി നിര്‍മിച്ചു നല്‍കിയ 20 വീടുകളുടെ ആധാരം കൈമാറല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മെയ് 23 ന് നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കേരളത്തിലെ 254 കുടുംബങ്ങള്‍ക്ക് വിഭാവനം ചെയ്ത ഈ പദ്ധതിയില്‍ വയനാട് ജില്ലയില്‍ 50 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
ഇതില്‍ 20 വീടുകളാണ് പനമരം പഞ്ചായത്തിലെ കരിമ്പുമ്മല്‍ പ്രദേശത്തു ക്ലസ്റ്റര്‍ ഹോമായി പണികഴിപ്പിച്ചത്. തെക്കേപ്പുറം എക്‌സ്പ്പാറ്റ്‌സ് ഫുട്‌ബോള്‍ അസോസിയേഷന്‍ വാങ്ങിച്ചു നല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് ആസ്റ്റര്‍ വളന്റിയേഴ്സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ ക്ലസ്റ്റര്‍ ഭവനങ്ങള്‍ പണിതിരിക്കുന്നത്. പനമരം പുഴയുടെ തീരത്ത് താമസിച്ചു വന്നിരുന്ന, എല്ലാ മഴക്കാലങ്ങളിലും വെള്ളം കയറി ദുരിത ജീവിതം നയിച്ചിരുന്ന 16 കുടുംബങ്ങള്‍ക്കും മറ്റു പഞ്ചായത്തുകളിലെ 4 കുടുംബങ്ങള്‍ക്കുമാണ് വീടുകള്‍ നല്‍കിയത്.
ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എജിഎം ഡോ. ഷാനവാസ് പള്ളിയാല്‍, ആസ്റ്റര്‍ വളന്റീര്‍സ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍, ടെഫ ചെയര്‍മാന്‍ ആദം ഓജി, സെക്രട്ടറി ജനറല്‍ യൂനസ് പള്ളിവീട്, ജോയിന്റ് സെക്രട്ടറി ഹാഷിം കടക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.