സ്വകാര്യ ബസ് ജപ്തി ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു

0

മാനന്തവാടി താലൂക്കില്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത നടപടിക്കെതിരെ പ്രതിഷേധവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി. ലോണ്‍ തിരിച്ചടവ് കാലാവധി തീരുമുമ്പാണ് ഇത്തരമൊരു നടപടിയെന്നും ഇങ്ങനെയുള്ള നടപടിയുമായി മുന്നോട്ടു പോയാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്നും മുന്നറിയിപ്പ്.ഇക്കഴിഞ്ഞ പതിനൊന്നിനാണ് മാനന്തവാടി താലൂക്കിലെ ബാവലി – മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യബസ് ടി വി സുന്ദരം ഫൈനാന്‍സ് ജപ്തി ചെയ്ത് കൊണ്ടുപോയത്.യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിന്നിടയിലാണ് ബസ് പൊലിസ് സഹായത്തോടെ പിടിച്ചെടുത്തത്.

തിരിച്ചടവ് കാലാവധി തീരാന്‍ 4 മാസം ബാക്കി നില്‍ക്കെയാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ഭാവാഹികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്നും നടപടികള്‍ ഇത്തരത്തില്‍ തുടര്‍ന്നാല്‍ ബസ് ഉടമകള്‍ ആത്മഹത്യയിലേക്ക് നീങ്ങേണ്ടി വരുമെന്നുമാണ് ഉടമകള്‍ പറയുന്നത്. മുമ്പ് ഒരു ഉടമ കട ബാധ്യതമൂലം ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. ഈ സാഹചര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ബസ് ഉടമകള്‍ക്ക് ലോണ്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ നേരിടേണ്ടിവരുമെന്നുമാണ് സംഘടന നല്‍കുന്ന മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!