കൊട്ടിയൂരിലേക്ക് വാള്‍ എഴുന്നള്ളിപ്പ് നടന്നു

0

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ശിവ ഭഗവാന്റെ ഉടവാള്‍ മുതിരേരി ക്ഷേത്രത്തില്‍നിന്നും കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു. കഴിഞ്ഞ ഒരാഴ്ചക്കാലം ഇതിനുള്ള ഒരുക്കത്തിലായിരുന്നു മുതിരേരി ശിവക്ഷേത്രം.വാള്‍ എഴുന്നള്ളിപ്പിന് അവകാശികളായ മൂഴിയോട്ട് ഇല്ലം തറവാട്ടിലെ ഇപ്പോഴത്തെ കണ്ണിയായ സുരേഷ് നമ്പൂതിരിയാണ് വാള്‍ എഴുന്നള്ളിക്കുന്നത്. മകം നാള്‍ മുതല്‍ ചോതി വരെയുള്ളദിവസങ്ങളില്‍ പ്രത്യേക വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ച് ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ധ്യാനത്തിലിരിക്കുന്ന നമ്പൂതിരി ധ്യാന ശേഷം ഉപദേവന്മാരെ പൂജിച്ച് തുളസിക്കതിര്‍കൊണ്ട് ബിംബം മൂടിയശേഷം ഭഗവാന്റെ ഉട വാളുമായി പുറത്തിറങ്ങും. ക്ഷേത്രത്തെ ഒരു പ്രാവശ്യം വലം വെച്ചശേഷം കൊട്ടിയൂര്‍ ക്ഷേത്രം ലക്ഷ്യമാക്കി യാത്ര തുടരും. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ ചോതി വിളക്ക് തെളിയിക്കുന്ന സമയത്ത് വാള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. ഇനി മിഥുന മാസത്തെ ചിത്ര നക്ഷത്രത്തില്‍ വാള്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതുവരെ മുതിരേരി ശിവ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനമോ പൂജാദികര്‍മ്മങ്ങളോ ഉണ്ടാകില്ല. ക്ഷേത്രപ്രവേശന പാതകള്‍ മുള്ളുകൊണ്ട് അവകാശിയായ ആദിവാസി മൂപ്പന്‍ ബന്ധിക്കും. 23 ദിവസങ്ങള്‍ക്കുശേഷം മകം നക്ഷത്രത്തിലാണ് പിന്നീട് ഇത് തുറക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി ആയിരുന്നു വാള്‍എഴുന്നള്ളിപ്പ് നടന്നിരുന്നത്. ഇത്തവണ നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് ക്ഷേത്രസന്നിധിയില്‍ അനുഭവപ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!