വാറന്റി വ്യവസ്ഥ ലംഘിച്ചു ഉപഭോക്താവിന് 10,000 നഷ്ടപരിഹാരം 

0

വാറന്റി കാലാവധിയിയില്‍ തകരാറിലായ മൊബൈല്‍ ഫോണിന്റെ ആദ്യ സര്‍വീസിന് പണം ഈടാക്കുകയും വീണ്ടും കേടായപ്പോള്‍ അറ്റകുറ്റപ്പണിക്ക് വിസമ്മതിക്കുകയും ചെയ്തെന്ന പരാതിയില്‍ ഉപഭോക്താവിന് അനുകൂലമായി വയനാട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധി.മൂലങ്കാവ് സ്വദേശിയായ എ.വി.ബെന്നി ബത്തേരിയിലെ സ്വകാര്യ മൊബൈല്‍ ഷോപ്പ് ഉടമ സനൂപ്, സര്‍വീസ് ചുമതലയുള്ള ഓഫീസിലെ മാനേജര്‍ എന്നിവര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് പി.എസ്.അനന്തകൃഷ്ണന്‍ പ്രസിഡന്റും എം.ബീന,എ.എസ്.സുഗതന്‍ എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃ കോടതിയുടെ വിധി.കടയുടമയും സര്‍വീസ് സെന്റര്‍ മാനേജരും 1:3 എന്ന അനുപാതത്തില്‍ ഉപഭോക്താവിന് നഷ്ടപരിഹാരമായി 10,000 രൂപ നല്‍കണമെന്നു കോടതി ഉത്തരവായത്.

ഇതിനു പുറമേ ഫോണിന്റെ വിലയും ആദ്യ സര്‍വീസിനു ഈടാക്കിയ 302 രൂപയും സഹിതം 4902 രൂപയും പരാതി ചെലവിനത്തില്‍ 4,000 രൂപയും ഇതേ അനുപാതത്തില്‍ നല്‍കണം. മുഴുവന്‍ തുകയ്ക്കും പരാതി തീയതി മുതല്‍ ആറു ശതമാനം പലിശ ഉപഭോക്താവിനു ലഭ്യമാക്കണമെന്നും കോടതി ഉത്തരവായി.വാട്സ്ആപ് മൊബൈലില്‍നിന്നു 2017 ഡിസംബര്‍ 24നാണ് ബെന്നി രണ്ടു വര്‍ഷം സര്‍വീസ് വാറന്റിയുള്ള ലാവ എ 44 ഫോണ്‍ 4,600 രൂപയ്ക്കു വാങ്ങിയത്. 2018 ഒക്ടോബറില്‍ ഫോണ്‍ തകരാറിലായി. ബാറ്ററി ചാര്‍ജാകാത്തതായിരുന്നു പ്രശ്നം. ഫോണുമായി വാട്സ് ആപ് മൊബൈലില്‍ എത്തിയ ബെന്നിയെ ഉടമ മാനുഫാക്ചറിംഗ് കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററിലേക്കു വിട്ടു.ഫോണ്‍ സര്‍വീസ് ചെയ്ത ഓഫീസ് വെള്ളത്തില്‍ വീണതാണ് തകരാറിനു കാരണമെന്നും വാറന്റി കവറേജിനു അര്‍ഹതയില്ലെന്നും പറഞ്ഞ് 302 രൂപ ചാര്‍ജ് ഈടാക്കി.

വീട്ടിലെത്തി ഫോണ്‍ ചാര്‍ജിലിട്ടപ്പോള്‍ തകരാര്‍ നീങ്ങിയില്ലെന്നു മനസ്സിലാക്കിയ ബെന്നി വീണ്ടും സമീപിച്ചപ്പോള്‍ അറ്റകുറ്റപ്പണിക്ക് സര്‍വീസ് സെന്റര്‍ നടത്തിപ്പുകാര്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണ് ബെന്നി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.ഫോണ്‍ തകരാറിലായതിനു റീട്ടെയ്ലര്‍ക്കു ഉത്തരവാദിത്തം ഇല്ലെന്നു വാട്സ്ആപ് മൊബൈല്‍ ഫോണ്‍ ഉടമ വിചാരണ വേളയില്‍ വാദിച്ചത് കോടതി അംഗീകരിച്ചില്ല. വില്‍പനാനന്തര സേവനം റീട്ടെയ്ലറുടെ ഉത്തരവാദിത്തമാണെന്നു കോടതി നിരീക്ഷിച്ചു. വെള്ളം കയറി കേടായ ഫോണിനു സര്‍വീസ് വാറന്റി ലഭിക്കില്ലെന്ന ഇന്‍സൈറ്റ് മൊബൈല്‍ കെയര്‍ മാനേജരുടെ വാദവും കോടതി തള്ളി. ഫോണില്‍ വെള്ളം കയറിയെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ ഉതകുന്ന രേഖ ഹാജരാക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. പാരതിക്കാരനുവേണ്ടി അഡ്വ.കെ.വി.പ്രചോദ് ഹാജരായി

Leave A Reply

Your email address will not be published.

error: Content is protected !!