തിരുവനന്തപുരത്ത് നിന്നും വയനാട്ടിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിലെ പശ്ചാത്തലത്തില്‍ മേപ്പാടിയില്‍ ആരോഗ്യ വിദഗ്ധരുടെ പരിശോധന. ഹോട്ടലുകള്‍,ബേക്കറികള്‍ തുടങ്ങി ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലാണ് ആരോഗ്യ പവര്‍ത്തകരുടെ സ്ക്വാഡ് പരിശോധന നടത്തിയത്.പരിശോധന തുടര്‍ന്നും നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. മേപ്പാടിയില്‍ നിന്നുകൂടി ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മേപ്പാടിയിലെ കടകളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്.പരിശോധനയെ തുടര്‍ന്ന് ശ്രദ്ധയില്‍പ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ കടയുടമകള്‍ക്ക് നോട്ടീസ് നല്‍കിയതായും അധികൃതര്‍ പറഞ്ഞു.
തീരനവന്തപുരത്തു നിന്നും ജില്ലയിലെത്തിയ 21 അംഗ സംഘം വിനോദസഞ്ചാരികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവര്‍ തിങ്കളാഴ്ച രാവിലെ കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്നും പിന്നീട് മേപ്പാടിയിലെ ഒരു മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഛര്‍ദി,വയറിളക്കം പോലുള്ള ലക്ഷണങ്ങളുടെ 15 പേര് താമരശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി. കമ്പളക്കാട് നിന്നും സൂചിപ്പാറ എത്തി തിരികെ മേപ്പാടിയിലെ മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ചശേഷമാണ് ഇവര്‍ ജില്ല വിട്ടത്.ഭക്ഷണം കഴിച്ച് അധികം വൈകാതെ തന്നെ ചിലര്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ എസ് പ്രശാന്ത് കുമാര്‍ കെ അരുണ്‍കുമാര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.