കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ കാരുണ്യ പ്രവര്‍ത്തനം മാതൃകാപരം മന്ത്രി റോഷി അഗസ്റ്റിന്‍

0

കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ കാരുണ്യ പ്രവര്‍ത്തനം മാതൃകാപരമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.കേരള പത്രപ്രര്‍ത്തക അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ ‘കരുതല്‍’ പദ്ധതിയുടെ ഭാഗമായി അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്റെ കുടുംബത്തിന് ടൈലറിംഗ് യുണിറ്റ് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട് വിഷന്‍ പനമരം റിപ്പോര്‍ട്ടറായിരുന്ന കെ.കെ. അബ്ദുള്ളയുടെ കുടുംബത്തിനാണ് ടൈലറിംങ് യൂണിറ്റ് കൈമാറിയത്.

ഇദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മൂലം പ്രയാസത്തിലായ കുടുംബത്തിനുള്ള കൈതാങ്ങ് എന്ന നിലയില്‍ തൊഴില്‍ സംരംഭം ഒരുക്കുന്നതിനാണ് ടൈലറിംങ് യൂണിറ്റ് പത്രപ്രവര്‍ത്തക അസോസിയേഷന്‍ നല്‍കിയത്. കെ.കെ. അബ്ദുള്ളയുടെ ഭാര്യ അഫ്‌സാന തയ്യല്‍മെഷീന്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. വിട്ടുപിരിഞ്ഞ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ സഹായിക്കാന്‍ തയ്യാറായ പത്രപ്രവര്‍ത്തക അസോസിയേഷന്റെ കാരുണ്യ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇതുപോലെ ആരും ഇല്ലാത്തവര്‍ക്ക് തുണയാകുന്ന കരുതലും സ്‌നേഹവുമാണ് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാവേണ്ടതെന്നും മന്ത്രി പറഞ്ഞു. പത്രപ്രവര്‍ത്തക അസോസിയേഷന്‍ അംഗങ്ങള്‍ക്കുള്ള ഐഡിന്റിറ്റി കാര്‍ഡ് വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ജില്ലാതലത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ വിജയിച്ച ആന്‍മരിയ ജോണ്‍സണ്‍, ഇന്ത്യന്‍ ട്രൂത്ത് ഏര്‍പ്പെടുത്തിയ ദൃശ്യ മാധ്യമ പുരസ്‌ക്കാരം ലഭിച്ച സുമി മധു എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ജില്ലയിലെ വീടില്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കായി അസോസിയേഷന്‍ നിര്‍മിച്ചു നല്‍കുന്ന പുതിയ വീടിന്റെ പ്ലാനും മന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു. പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആസ്യ മൊയ്തു.കെ.ജെ.ദേവസ്യ, പൊറളോത്ത് അമ്മദ്, അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗംജസ്റ്റിന്‍ ചെഞ്ചട്ടയില്‍, ജില്ലാ സെക്രട്ടറിരവീന്ദ്രന്‍ കാവുഞ്ചോല, ജോയിന്റ് സെക്രട്ടറി റസാഖ് സി.പച്ചിലക്കാട്, ട്രഷറര്‍ സാദ്ദിഖ് പനമരം, ചാരിറ്റി പ്രവര്‍ത്തകന്റഷീദ് നീലാംബരി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!