എന്‍.ടി.സാജന്റെ നിയമനം; ട്രിബ്യൂണല്‍ സ്റ്റേ താത്ക്കാലികമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

0

 

മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ എന്‍.ടി.സാജന്റെ നിയമനം കേന്ദ്ര അഡ്മിനിറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്ത നടപടി താത്ക്കാലികമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാരിനെ കേള്‍ക്കാതെയാണ് ട്രിബ്യൂണല്‍ തീരുമാനമെടുത്തത്. വനംവകുപ്പ് മേധാവി ചീഫ് സെക്രട്ടറിയെ അതൃപ്തി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എന്‍ ടി സാജനെ ദക്ഷിണമേഖലാ സിസിഎഫ് ആയി നിയമിച്ചതിനെതിരെ മുന്‍ ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി. നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു ഹര്‍ജി.

വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ശുപാര്‍ശയില്ലാതെയും സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അനുമതിയില്ലാതെയും നടത്തിയ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയെ കണ്ടിരുന്നു. പ്രതിഷേധങ്ങള്‍ തള്ളിക്കളഞ്ഞ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതോടെയാണ് പരാതിക്കാര്‍ ഹര്‍ജിയുമായി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

നേരത്തെ സാജനെ സ്ഥലം മാറ്റാനായിരുന്നു തീരുമാനമെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയ വിനോദ് കുമാറിന് അപ്രധാനമായ സോഷ്യല്‍ ഫോറസ്ട്രിയുടെ ചുമതല നല്‍കിയിരുന്നു. എന്‍ ടി സാജന്‍ വിരമിക്കാന്‍ ഇനി ആറു മാസം മാത്രമാണുള്ളത്. മുട്ടില്‍ മരം മുറി വിവാദത്തില്‍ എന്‍ ടി സാജനെതിരെ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത് കെ വിനോദ് കുമാറാണ്. ദക്ഷിണമേഖലാ സര്‍ക്കിള്‍ സിസിഎഫിന്റെ ചുമതലയോടു കൂടി സാജനെ കൊല്ലത്തുതന്നെ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കുമ്പോള്‍, സോഷ്യല്‍ ഫോറസ്ട്രി ഡിസിഎഫ് ആയി കൊല്ലത്തേക്ക് എത്തുന്ന വിനോദ് കുമാര്‍ സാജന് കീഴിലാവും. ഇത് വകുപ്പിന്റെ പ്രവര്‍ത്തനത്തിനു പോലും തടസ്സം സൃഷ്ടിച്ചേക്കാമെന്നാണ് ആക്ഷേപം.

Leave A Reply

Your email address will not be published.

error: Content is protected !!