കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിന് ചെക്ക് ഡാമുകള്‍ അനിവാര്യം: മന്ത്രി റോഷി അഗസ്റ്റിന്‍
കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്നും ജലസ്രോതസ്സുകളെ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കബനി റിവര്‍ ബേസിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി പാലാക്കുളിയില്‍ നിര്‍മ്മിച്ച ചെക്ക്ഡാമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാക്കുളി ചെക്ക് ഡാമിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ
അനുവദിച്ചു. പാലാക്കുളി, കുഴിനിലം ഭാഗങ്ങളിലെ കൃഷിയിടങ്ങളിലും ജലസ്രോതസുകളിലും ജലക്ഷാമം അനുഭവപ്പെടുന്നതിനുള്ള പരിഹാരമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പാലാക്കുളി തോടിന് കുറുകെ 1.50 മീറ്റര്‍ ഉയരത്തിലും 30 മീറ്റര്‍ നീളവുമുള്ള ചെക്ക്ഡാമും കൂടാതെ ഇരുകരകളിലുമായി 3 മീറ്റര്‍ ഉയരത്തിലും 123 മീറ്റര്‍ നീളത്തിലുമുള്ള കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയുമാണ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ളത്. 89,45,259 രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണ ചിലവ്.ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനിയര്‍ അനിത പി.ഡി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, സൂപ്രണ്ടിംഗ് എന്‍ഞ്ചിനിയര്‍ മനോജ് എം.കെ, അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ ടി പി വിനോദന്‍ , കൗണ്‍സിലര്‍മാരായ എം.നാരായണന്‍, ലേഖ രാജീവന്‍, ഷൈനി ജോര്‍ജ്, പുഷ്പ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.