തിയേറ്ററുകളില്‍ പ്രദര്‍ശനം രാത്രി ഒന്‍പത് മണിയ്ക്ക് തന്നെ അവസാനിപ്പിക്കാന്‍ തീരുമാനം

0

സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം രാത്രി ഒന്‍പത് മണിയ്ക്ക് തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി തീയേറ്റര്‍ ഉടമകളുടെ സംഘടയായ ഫിയോക്ക് അറിയിച്ചു. തിയറ്ററുകളുടെയും ബാറുകളുടെയും പ്രവര്‍ത്തനം ഒമ്പത് മണിക്ക് അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് പൂര്‍ണമായി സഹകരിക്കാന്‍ തീരുമാനിച്ചതായും ഫിയോക്ക് അറിയിച്ചു. സിനിമാ പ്രദര്‍ശനം രാവിലെ ഒന്‍പത് മണിയ്ക്ക് ആരംഭിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു.

നേരത്തെ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുവാദം നല്‍കാതിരുന്നതില്‍ തിയറ്റര്‍ ഉടമകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കില്‍ സാമ്പത്തികമായി തകരുമെന്നും തിയേറ്റര്‍ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു തിയേറ്റര്‍ ഉടമകളുടെ നിലപാട്. തുടര്‍ന്ന് സിനിമാ റിലീസുകള്‍ കൂട്ടത്തോടെ മാറ്റിവെയ്ക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവിലാണ് സെക്കന്‍ഡ് ഷോ അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പൊതു പരിപാടികളില്‍ പരമാവധി പങ്കാളിത്തം 150 പേര്‍ക്കും അടച്ചിട്ട മുറിയില്‍ 75 പേര്‍ക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്. ബസുകളില്‍ ഇരുന്ന് മാത്രമെ യാത്രകള്‍ അനുവദിക്കൂ. ഒമ്പത് മണിയ്ക്ക് കടകള്‍ അടയ്ക്കണമെന്ന വ്യവസ്ഥ ബാറുകള്‍ക്കും ബാധകമാക്കി. കടുത്ത നിയന്ത്രണള്‍ ഏര്‍പ്പെടുത്തുന്നതോടെ രോഗവ്യാപനം കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

അതിനിടെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കര്‍ക്കശമാക്കാന്‍ തീരുമാനിച്ച ദിവസം തന്നെ അത് ലംഘിച്ച് ഡി ജെ പാര്‍ട്ടി സംഘടിപ്പിച്ചതിന്റെ ദൃശ്യം പുറത്തുവന്നത് വിവാദമാകുന്നു. വര്‍ക്കല എസ് എന്‍ കോളേജിലാണ് നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഡി ജെ പാര്‍ട്ടി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഡി ജെ പാര്‍ട്ടി സംഘടിപ്പിച്ചത്. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക്ക് ധരിക്കാതെയുമാണ് വിദ്യാര്‍ഥികള്‍ പാര്‍ട്ടിക്ക് എത്തിയത്. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു.

അധ്യായന വര്‍ഷം അവസാനിക്കുന്നതിന്റെ ഭാഗമായാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഡി ജെ പാര്‍ട്ടി സംഘടിപ്പിച്ചത്. കോളേജിലെ നിരവധി വിദ്യാര്‍ഥികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. കോളേജില്‍ ഡി ജെ പാര്‍ട്ടി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം അധികൃതരുട ശ്രദ്ധയില്‍പ്പെട്ടതോടെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഡി ജെ പാര്‍ട്ടി സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ കേസ് എടുക്കും. കൂടാതെ വന്‍ തുക പിഴയായി ഇടാക്കിയേക്കുമെന്നും സൂചനയുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!