വിദ്യാര്‍ഥികളുടെ കാര്‍ റേസിങ് 4 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ്  ചെയ്യും ആര്‍.ടി.ഒ 

0

 

യാത്രയയപ്പ് ചടങ്ങിനിടെ കണിയാബറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കാര്‍ റേസിങ് നടത്തിയ സംഭവത്തില്‍ 4 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍.ടി.ഒ അധികൃതര്‍ അറിയിച്ചു.അപകടകരമായ രീതിയില്‍ വണ്ടിയോടിച്ച വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞ് അവരുടെ ലൈസന്‍സിന്റെ പകര്‍പ്പ് എടുത്തിട്ടുണ്ട്.ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വണ്ടിയോടിച്ച രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കബളക്കാട് പൊലീസ് കേസെടുത്തിരുന്നു. അമിത വേഗതയില്‍ വാഹനമോടിക്കല്‍, അശ്രദ്ധമായി മനുഷ്യജീവന്‍ അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് കേസെടുത്തത്.

കാറിലും ബൈക്കിലുമായി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊടിപാറ്റി നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ വിദ്യാര്‍ഥികള്‍തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കാറിന്റെ ഡോറിലിരുന്ന് യാത്രചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലുള്ളത്. അധ്യാപകരുടെയും പൊലീസിന്റെയും മുന്നറിയിപ്പും എതിര്‍പ്പുകളുമൊന്നും ഗൗനിക്കാതെയായിരുന്നു അഭ്യാസങ്ങള്‍. കഴിഞ്ഞദിവസം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അഭ്യാസപ്രകടനം നടത്തി വാഹനം അപകടത്തില്‍പെടുത്തിയ മൂന്നുപേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. കാര്‍ റേസിങ് നടത്തിയതിന് നാലായിരം രൂപ വീതം പിഴയും ഈടാക്കിയിരുന്നു. നടക്കാവ് പൊലീസ് ഇവര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!