യാത്രയയപ്പ് ദിനത്തില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം ലൈസന്‍സ് റദ്ദാക്കും

0

 

കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ദിനത്തില്‍ സ്‌കൂള്‍ മൈതാനത്ത് വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം.അപകടകരമായ രീതിയില്‍ മൈതാനത്ത് പൊടിപാറിച്ചും കാറുകളും ബൈക്കും കറക്കി തിരിച്ചും അഭ്യാസം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെ ശനിയാഴ്ച കല്‍പ്പറ്റ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി. സി.സി ടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചിട്ടുണ്ട്. അമിതവേഗതയിലും, അശ്രദ്ധമായും മനുഷ്യജീവന്‍ അപകടപ്പെടുത്തുന്ന രീതിയില്‍ വാഹനമോടിച്ച് സ്‌കൂളിനകത്ത് അഭ്യാസ പ്രകടനങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും,ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും പിഴ ചുമത്തുമെന്നു മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.വ്യാഴാഴ്ചയായിരുന്നു സ്‌കുളില്‍ യാത്രയയപ്പ് ചടങ്ങുകള്‍ നടന്നത്. ഇതിനിടെ മൂന്ന് കാറിലും ഒരു ബൈക്കിലുമായെത്തിയ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഗേറ്റ് തുറന്ന് വാഹനങ്ങള്‍ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു. തുടര്‍ന്നായിരുന്നു റേസിംങ് അഭ്യാസങ്ങള്‍ നടത്തിയത്. കാറിന്റെ ഡോറിലിരുന്നും മറ്റുംയാത്ര ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പിന്നീട് വിദ്യാര്‍ഥികളില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് അഭ്യാസ പ്രകടനങ്ങള്‍ ചര്‍ച്ചയായത്. പിന്നീട് ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.

അതേസമയം മുന്‍ വര്‍ഷങ്ങളില്‍ സ്‌കൂളിലെ യാത്രയയപ്പ് ദിനങ്ങളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. അതിനാല്‍ യാത്രയയപ്പു ചടങ്ങില്‍ വിദ്യാര്‍ഥികള്‍ അതിരുവിടാന്‍ സാധ്യതയുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ നേരത്തെ പോലീസില്‍ വിവരം അറിയിച്ചിരുന്നു. ഇതുപ്രകാരം റോഡില്‍ കമ്പളക്കാട് പോലീസ് വാഹന പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ച രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കമ്പളക്കാട് പോലീസ് വ്യാഴാഴ്ച കേസെടുത്തിരുന്നു. അധ്യാപകരുടെയും പോലീസിന്റെയും കണ്ണുവെട്ടിച്ചായിരുന്നു കുട്ടികളുടെ അഭ്യാസ പ്രകടനം.കഴിഞ്ഞ ദിവസം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അഭ്യാസപ്രകടനം നടത്തി വാഹനം അപകടത്തില്‍പ്പെടുത്തിയ മൂന്നുപേ രുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോ ട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. കാര്‍ റേസിങ് നടത്തിയതിന് നാലായിരം രൂപ വീതം പിഴയും ഈടാക്കിയിരുന്നു. നടക്കാവ് പോലീസ് ഇവര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!