ഏപ്രിൽ നിർണായകം; മാസ് വാക്സിനേഷന് ക്രഷിങ് ദി കർവ് പദ്ധതിയുമായി സംസ്ഥാന സർക്കാർ

0

സംസ്ഥാനത്ത് വീണ്ടും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മാസ് വാക്സിനേഷന് കർമ്മ പദ്ധതിയുമായി സർക്കാർ. ക്രഷിങ് ദി കർവ് എന്ന പേരിൽ വാക്‌സിനേഷൻ വ്യാപമാക്കാനാണ് തീരുമാനം. 45 വയസിനു മുകളിലുള്ള പരമാവധി പേർക്ക് വാക്സിൻ നല്കുകയാണ് കർമ്മ പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും കുറേക്കൂടി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഗുരുതര രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജുകളില്‍ വര്‍ധിപ്പിക്കുന്നതാണ്. ആവശ്യമായ ഐസിയുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവ സജ്ജമാക്കും.

ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടിലെ ചികിത്സ തുടരുന്നതാണ്. എന്നാല്‍ അതിനുള്ള സൗകര്യങ്ങള്‍ വിട്ടിലുള്ളവര്‍ക്ക് മാത്രമേ വീട്ടിലെ ചികിത്സയ്ക്ക് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ കോവിഡ് ഉന്നതതല ഓണ്‍ലൈന്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗികളുടെ എണ്ണം കൂടിയാല്‍ ആവശ്യമെങ്കില്‍ അതത് പ്രദേശങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ വര്‍ധിപ്പിക്കുന്നതാണ്. ജില്ലാതലത്തിലെ ടീം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതാണ്. വിദഗ്ധ ചികിത്സയ്ക്കായിട്ടുള്ള സിഎസ്എല്‍ടിസികളുടെ എണ്ണവും കൂട്ടും.

സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 89 ശതമാനം പേരും കോവിഡ് വരാത്തവരാണ്. ഇവരെ സംരക്ഷിക്കാന്‍ വാക്‌സിനേഷന്‍ ദ്രുതഗതിയിലാക്കണം. വാക്‌സിനേഷനില്‍ കേരളം നന്നായി പ്രവര്‍ത്തിച്ചു. 95 ശതമാനത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ എടുത്തുകഴിഞ്ഞു. ബാക്കിയുള്ളവര്‍ കൂടി എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. 60 വയസ് കഴിഞ്ഞവരും 45 വയസിന് മുകളിലുള്ളവരും വാക്‌സിന്‍ എടുത്തു എന്ന് ഉറപ്പു വരുത്തും. അതിനായി മാസ് കാമ്പയിന്‍ ആരംഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!