12 മുതല്‍ 14 വരെ പ്രായമുള്ളവര്‍ക്കുളള കോവിഡ് പ്രതിരോധ വാക്സിനേഷന്‍ ജില്ലയില്‍ തുടങ്ങി. പുതുതായി വികസിപ്പിച്ച കോര്‍ബിവാക്‌സ് വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന കുത്തിപ്പില്‍ 192 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി ഷിബു വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ മുഖ്യാതിഥിയായി. ഡോ. ഹസ്‌ന സെയ്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
ഡി.പി.എച്ച് എന്‍. സൗമിനി ചിത്രകുമാര്‍, സ്റ്റാഫ് നഴ്‌സ് ബിന്ദുമോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാബി, റിന്‍സി സെബാസ്റ്റ്യന്‍, എസ്.ലിനു, പി.സിഫാനത്ത്, എം.മഞ്ജുഷ, ദിവ്യ, ഡോക്ടേഴ്‌സ് ഫോര്‍ യു സംഘടനാ പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തിലാണ് 15 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചത്. വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ 12 വയസ്സ് പൂര്‍ത്തിയായവരും 15 വയസ്സില്‍ താഴെയുള്ളവരുമായിരിക്കണം. നിലവില്‍ ജില്ലയില്‍ ഈ പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന 35751 പേരാണ് വാക്‌സിന്‍ സ്വീകരിക്കാനുള്ളത്. ജില്ലയിലെ മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും മാര്‍ച്ച് 18 മുതല്‍ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ലഭ്യമാകും .
ഇതിന് പുറമെ ആരോഗ്യ സ്ഥാപനങ്ങളില്‍ വച്ച് 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കരുതല്‍ ഡോസ് നല്‍കി വരുന്നതായും രണ്ടു വിഭാഗത്തിലും പെട്ട മുഴുവന്‍ ആളുകളും വാക്സിന്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ.കെ സക്കീന അഭ്യര്‍ത്ഥിച്ചു.