വയനാട് ചുരത്തിലൂടെ അമിതഭാരം കയറ്റിയുള്ള വാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരം നിയന്ത്രിക്കപ്പെടണമെന്ന് ജില്ലാ കലക്ടര്‍ എ.ഗീത. 24 മണിക്കൂറും ഇടതടവില്ലാതെയുള്ള ഭീമന്‍ വാഹനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണം ആവശ്യമാണ്. ഏതുരീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താമെന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ല അധികൃതരുമായി ആലോചിക്കുമെന്നും കലക്ടര്‍.
വയനാട് ചുരം എന്ന് നമ്മള്‍ പറയുമെങ്കിലും അത് നമ്മുടെ അധികാരപരിധിയിലല്ല. ചുരം റോഡ് നിലവില്‍ കോഴിക്കോട് ജില്ലയുടെ ഭാഗമാണ്. പല നിര്‍ണായക ഘട്ടങ്ങളിലും നമുക്ക് തീരുമാനങ്ങളെടുക്കുന്നതിന് പരിമിതിയുണ്ട്.പൊലീസിന്റെ ഇടപെടല്‍ അടക്കം കോഴിക്കോട് ജില്ലയില്‍ നിന്നാണുണ്ടാവേണ്ടത്. കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന പക്ഷം ഞങ്ങള്‍ അങ്ങോട്ട് അറിയിക്കുകയാണ് ചെയ്യുന്നത്. നമുക്ക് ഇടപെടാന്‍ പറ്റാത്ത ഒരു അവസ്ഥയുണ്ട്. ഭീമന്‍ വാഹനങ്ങളുടെ അനിയന്ത്രിത സഞ്ചാരം നിയന്ത്രിക്കണമെന്ന അഭിപ്രായം തന്നെയാണ് തനിക്കുള്ളതെന്നും കലക്ടര്‍ പറഞ്ഞു.ഒരു സമയ നിയന്ത്രണം പോലുമില്ലാതെ പോകുന്ന അവസ്ഥയുണ്ട്. അതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം കോഴിക്കോട്ട് കലക്ടറുമായി കൂടിയാലോചിക്കും. എത്രത്തോളം നിയന്ത്രിക്കാനാവുമെന്നറിയില്ല. വാഹനങ്ങള്‍ രാത്രി മാത്രം വിട്ടാലും അതും ഗതാഗതക്കുരുക്കിന് വഴിയൊരുക്കും. ബന്ധപ്പെട്ട അധികൃതരുമായും പോലീസുമായും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു. ചുരത്തില്‍ ഈയിലെ പാറക്കല്ല് ഇളകിവീണ് ബൈക്ക് യാത്രികന്‍ മരിച്ചത് ചുരത്തിന്റെ സുരക്ഷയില്ലായ്മയിലേക്കുള്ള ഗുരുതര സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. ചുരത്തില്‍ ഒരു നിയന്ത്രണവുമില്ലാതെ സഞ്ചരിക്കുന്ന കൂറ്റന്‍ ടോറസുകളും ടിപ്പറുകളും ചുരത്തിന്റെ ബലക്ഷയത്തിന് വഴിയൊരുക്കുന്നുവെന്ന ആശങ്ക ഏറെക്കാലമായി പലരും ഉയര്‍ത്തുന്നുണ്ട്. എന്നിട്ടും അധികൃതര്‍ ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ലെന്ന പരാതി ശക്തമാണ്.