കേരളാ – കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പുല്‍പ്പള്ളി മേഖലയിലെ പ്രധാന ജലസ്രോതസായ കബനി നദിയില്‍ ജലനിരപ്പ് അതിവേഗം താഴുന്നത് ആശങ്കക്കിടയാക്കുന്നു. ഒരാഴ്ചക്കുള്ളിലാണ് ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞത് .കര്‍ണ്ണാടകയില്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ബീച്ചനഹള്ളി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം എടുത്ത് തുടങ്ങിയതാണ് കാരണം.മേഖലയില്‍ വേനല്‍മഴ ലഭിക്കാത്തതും കബനിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും ജലക്ഷാമത്തിനിടയാക്കുന്നു.
ഈ അവസ്ഥ തുടര്‍ന്നാല്‍ താമസിയാതെ ജലവിതരണം മുടങ്ങാനിടയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.പ്രതിദിനം 60 ലക്ഷം ലിറ്റര്‍ ജലമാണ് പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തിലേക്ക് ജലവിതരണത്തിനായി എടുക്കുന്നത്. രണ്ട് പഞ്ചായത്തുകളിലുമായി 10000 കണക്ഷനുണ്ട്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ മുള്ളന്‍കൊല്ലിയില്‍ അടുത്തിടെ രണ്ടായിരത്തോളം കണക്ഷന്‍ നല്‍കി. പുല്‍പ്പള്ളിയില്‍ ആയിരത്തിലധികം കണക്ഷന്‍ നല്‍കാനുമുണ്ട്. വേനല്‍ കനത്തതോടെ വെള്ളത്തിനു ചെലവേറി ഗാര്‍ഹിക കണക്ഷനുള്ളവര്‍ അത്യാവശ്യം പച്ചക്കറി നനയ്ക്കാന്‍ ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. സ്വന്തമായി കിണറുള്ളവരും വേനലില്‍ കിണറുകള്‍ വറ്റുന്നതിനാല്‍ ജലകണക്ഷനെടുത്തിട്ടുണ്ട്. . വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച തടയണയുടെ അവശിഷ്ടങ്ങള്‍ പുഴയിലുണ്ട്.ഇവിടെ മണല്‍ചാക്കിട്ട് ജലം തടയേണ്ടി വരും. ഇങ്ങനെ തുടര്‍ന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മണല്‍ചാക്ക് ഇട്ട് വെള്ളം കെട്ടി നിറുത്തേണ്ട അവസ്ഥയിലാണ്. ബൈരക്കുപ്പ, തേന്‍മാവിന്‍ കടവ്, ചേകാടി ഭാഗങ്ങളിലാണ് പുഴ വറ്റിവരണ്ട് കിടക്കുന്നത് .വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമോയെന്ന ആശങ്കയിലാണ് അതിര്‍ത്തി മേഖലയിലെ കര്‍ഷകര്‍