കോവിഡ് വന്നു പോയാലും ഇരട്ടി ശ്രദ്ധ വേണം
കോവിഡ് വന്നുപോയവരില്‍ പില്‍ക്കാലത്ത് ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു ഡോക്ടര്‍മാര്‍. കോവിഡ് മുക്തരായി ഒരു വര്‍ഷം വരെ ഹൃദയാഘാതം, പക്ഷാഘാതം, രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്കു സാധ്യതയുണ്ടെന്ന് ഐഎംഎ കൊറോണ വൈറസ് ദൗത്യസംഘം കോ ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. കോവിഡിനു ശേഷം ആരോഗ്യം വീണ്ടെടുക്കാന്‍ വാശിപിടിച്ചു വ്യായാമം ചെയ്യുന്നതു കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.
കോവിഡ് മൂലം രക്തക്കുഴലിലുണ്ടാകുന്ന നീര് സാധാരണഗതിയില്‍ രണ്ടോ, മൂന്നോ മാസത്തിനുള്ളില്‍ ഭേദമാകും. എന്നാല്‍ ഏതെങ്കിലും രോഗങ്ങളുള്ളവര്‍ ഇക്കാലയളവില്‍ പ്രത്യേകം ശ്രദ്ധിക്കണം. അപൂര്‍വം സാഹചര്യങ്ങളില്‍ പെട്ടെന്നുള്ള ഹൃദയാഘാതം ഉണ്ടാകാമെന്ന് ആലുവ ജില്ല കോവിഡ് ആശുപത്രി കണ്‍സല്‍റ്റന്റ് ഫിസിഷ്യന്‍ ഡോ. കാര്‍ത്തിക് ബാലചന്ദ്രന്‍ പറഞ്ഞു.
കടുത്ത ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ രോഗങ്ങള്‍, ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ്, ചലന സംബന്ധമായ ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങളും കോവിഡിനു ശേഷം ഉണ്ടാകാനിടയുണ്ട്. തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരത്തേ ഉണ്ടായിരുന്നവരില്‍ ഇതു കൂടിയേക്കാം. 5% പേരില്‍ കോവിഡിനു ശേഷം സന്ധിവേദനയും കാണുന്നു.
പതിവു വ്യായാമം ആണെങ്കിലും ഘട്ടം ഘട്ടമായി മാത്രമേ പുനരാരംഭിക്കാവൂ. കോവിഡ് മാറിയ ഉടന്‍ ഓടാനും ഷട്ടില്‍ ബാഡ്മിന്റന്‍ കളിക്കാനും ജിമ്മില്‍ പോകാനും തുടങ്ങരുത്.
കോവിഡ് ബാധിതരില്‍ ശ്വാസകോശത്തിനു തകരാറുകള്‍ സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പുകവലി പൂര്‍ണമായും ഒഴിവാക്കുക.
മറ്റ് അസുഖങ്ങളുണ്ടായിരുന്നവര്‍ ഡോക്ടറെ കണ്ടു തുടര്‍ന്നും മരുന്നു കഴിക്കാന്‍ മറക്കരുത്.
പെട്ടെന്നുള്ള ലക്ഷണങ്ങള്‍ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുക. ഇത്തരം സാഹചര്യങ്ങളില്‍ ആദ്യത്തെ മിനിറ്റുകള്‍ നിര്‍ണായകമാണ്.
കൊളസ്‌ട്രോള്‍ കുറയ്ക്കണം. പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. പഴങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക.