നടന വിസ്മയം കെപിഎസി ലളിത അരങ്ങൊഴിഞ്ഞു; സംസ്‌കാരം ഇന്ന്

0

1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത്. ഏഴാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ കൊല്ലത്ത് കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യന്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തപഠനത്തിനായി ചേര്‍ന്നു. അതോടെ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങി. ഡാന്‍സില്‍ ആരംഭിച്ച ഇവരുടെ ജീവിതം നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും വളര്‍ന്നു.

സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടുകളിലേറെ ചലച്ചിത്രലോകത്ത് നിലനിന്ന ഇവര്‍ 600ലേറെ സിനിമയിലാണ് അഭിനയിച്ചത്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍ പേഴ്സണായിരുന്നു. അക്കാദമിയുടെ ആദ്യ വനിതാ അധ്യക്ഷ എന്ന ബഹുമതി ഇവര്‍ക്കാണ്.

കെപിഎസി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന കേരള പീപ്പിള്‍ ആര്‍ട്സ് ക്ളബ് എന്ന പ്രഫഷണല്‍ നാടക സംഘത്തിലൂടെ പ്രൊഫഷണല്‍ അരങ്ങിലേക്ക് എത്തിയ ഇവര്‍ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും കരസ്ഥമാക്കി. ഇവരെഴുതിയ ‘കഥ തുടരും’ എന്ന ആത്മ കഥക്ക് ചെറുകാട് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ചങ്ങനാശേരി ഗീഥാ ആര്‍ട്സ് ക്‌ളബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറിയത്. ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷമാണ് കെപിഎസിയുടെ പ്രൊഫഷണല്‍ അരങ്ങിലെത്തിയത്. മഹേശ്വരിയമ്മ എന്ന പേരില്‍ തന്നെയായിരുന്നു അഭിനയം ജീവിതം ആരംഭിച്ചത്.

ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികള്‍ ചേര്‍ന്ന് 1950 കളില്‍ രൂപീകരിച്ച കെപിഎസി, കമ്മ്യൂണിസ്റ്റ് ചിന്തകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ശ്രദ്ധ കൊടുത്തിരുന്ന നാടക സംഘമായിരുന്നു. ഇവിടെ ഗായികയായാണ് തുടക്കം. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി.

പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് തോപ്പില്‍ ഭാസിയാണ് ലളിത എന്ന പേരിട്ടത്. അത് പിന്നീട് കെപിഎസി ലളിത എന്നായി മാറി. യശശരീരനായ പ്രസിദ്ധ സംവിധായകന്‍ ഭരതന്‍ ഭര്‍ത്താവായിരുന്നു. 31ആം വയസില്‍ 1978ലാണ് ഭരതന്റെ ഭാര്യയായത്. ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ മക്കളാണ്.

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറല്‍ വീട്ടില്‍ കെ അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവി അമ്മ. സ്‌കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു ലളിതക്ക് താല്‍പര്യം. രാമപുരത്തെ സ്‌കൂളില്‍ വച്ചാണ് ആദ്യമായി നൃത്തവേദിയില്‍ കയറിയത്.

വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചിരുന്ന ഇവര്‍ പക്ഷെ, ആ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നില്ല. 22ആം വയസിലായിരുന്ന ആദ്യ സിനിമ. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌ക്കാരത്തില്‍ ആയിരുന്നു ഇത്.

ഭര്‍ത്താവ് ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം ഗോഡ്ഫാദര്‍, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇടതുപക്ഷ വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു ലളിത.

രാവിലെ 11 വരെ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്നു തൃശൂരിലേക്കു കൊണ്ടു പോകും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിച്ച ശേഷം വടക്കാഞ്ചേരിയിലേക്ക്. സംസ്‌കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ഓര്‍മ’ വീട്ടുവളപ്പില്‍ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!