ടൂറിസ്റ്റ് വാഹനങ്ങളെ സഹായിക്കാന്‍ അടിയന്തരമായി ഇടപെടണം
ടൂറിസ്റ്റ് വാഹനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജില്ലയിലെ ടൂറിസ്റ്റ് വാഹന ഉടമകള്‍. വിവിധ സംസ്ഥാനങ്ങള്‍ കോവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കി നല്‍കിയത് പോലെ കേരളത്തിലും വാഹന നികുതി പൂര്‍ണമായി ഒഴിവാക്കി നല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം. ഓട്ടമില്ലാതെ കിടക്കുന്ന വാഹനങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഗുണ്ടകളെ ഉപയോഗിച്ചും കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയും പിടിച്ചെടുത്തു കൊണ്ടിരിക്കുകയാണെന്നും ടൂറിസ്റ്റ് ടാക്‌സി ഉടമകള്‍ ആരോപിച്ചു.
കോവിഡ് വന്നതോടെ ഓട്ടമില്ലാതെ കിടക്കുകയാണ് ജില്ലയിലെ ടൂറിസ്റ്റ് വാഹനങ്ങള്‍. എന്നാല്‍ സര്‍ക്കാര്‍ ഇത് വരെ യാതൊരു സഹായങ്ങളും ഈ മേഖലയ്ക്ക് നല്‍കിയിട്ടില്ല.വായ്പയെടുത്ത് വാഹനങ്ങള്‍ വാങ്ങിയവര്‍ക്ക് പോലും തിരിച്ചടവ് സാധിക്കുന്നില്ല.സര്‍ക്കാരിന്റെ മൊറട്ടോറിയം ലഭിച്ചെങ്കിലും അതിന്റെ യാതൊരു ആനുകൂല്യവും വാഹന ഉടമകള്‍ക്ക് ലഭിച്ചില്ലെന്നാണ് വാഹന ഉടമകള്‍ പറയുന്നത്. ഓട്ടമില്ലാതെ കിടക്കുന്ന വാഹനങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഗുണ്ടകളെ ഉപയോഗിച്ചും കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയും പിടിച്ചെടുത്തു കൊണ്ടിരിക്കുകയാണെന്നും ടൂറിസ്റ്റ് ടാക്‌സി ഉടമകള്‍ ആരോപിച്ചു.ടൂറിസ്റ്റ് വാഹന ഉടമകളെ സംരക്ഷിക്കാന്‍ ആവശ്യമായ നിയമ നിര്‍മാണം നടത്തണം.വായ്പകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുക,മോട്ടോര്‍ വാഹന വകുപ്പ് നിസാര കാരണങ്ങള്‍ പറഞ്ഞു വാഹനങ്ങള്‍ക്ക് ഭീമമായ ഫൈന്‍ വാങ്ങുന്നത് ഒഴിവാക്കുക എന്നിവയാണ് ടൂറിസ്റ്റ് വാഹന ഉടമകളുടെയും തൊഴിലാളികളുടെയും ആവശ്യം.