1306 കാലുകള്‍; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ഒരു തേരട്ട
ലോകത്ത് ഏറ്റവും കൂടുതല്‍ കാലുകളുള്ള ജീവികളിലൊന്നാണ് തേരട്ടകള്‍. ഇവയുടെ ഇംഗ്ളീഷ് നാമമായ ‘മില്ലീപീഡ്’ എന്ന വാക്കില്‍ തന്നെ തേരട്ടകളുടെ പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ട്. ആയിരം എന്നര്‍ഥമുള്ള മില്ലി, കാല്‍ എന്നര്‍ഥമുള്ള പെഡ് എന്നീ ലാറ്റിന്‍ മൂലപദങ്ങളില്‍ നിന്നാണ് മില്ലിപീഡ് എന്ന ഇംഗ്ളീഷ് നാമത്തിന്റെ ഉല്‍ഭവം. ആയിരം കാലുകളുള്ള ജീവിയെന്നാണ് വിശേഷിപ്പിക്കുന്നത് എങ്കിലും ഇതുവരെ ഇവയില്‍ ഒരു ഇനത്തിനും ആയിരം കാലുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നില്ല. 13,000 ഇനം തേരട്ടകളെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി ഇവയ്ക്ക് 750 കാലുകള്‍ വരെയുണ്ടാകാറുണ്ട്. എന്നാല്‍, കാലുകളുടെ എണ്ണത്തില്‍ അസാധാരണത്വമുള്ള തേരട്ടയെയാണ് ഇപ്പോള്‍ ഓസ്ട്രേലിയയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
1306 കാലുകളാണ് ഇവയ്ക്കുള്ളത്. ഓസ്ട്രേലിയയിലെ ഗോള്‍ഡ് ഫീല്‍ഡ്സ് എസ്പെറാന്‍സ് പ്രദേശത്തെ സ്വര്‍ണം ഖനനം ചെയ്തെടുക്കുന്ന സ്ഥലത്ത് നിന്നാണ് ഇവയെ കണ്ടെടുത്തത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കൂടുതല്‍ കാലുകളുള്ള ജീവിയാണിവയെന്ന് ഗവേഷകര്‍ വ്യക്തമാക്കി. മണ്ണിനടിയില്‍ 200 അടി താഴ്ചയില്‍ നിന്നാണ് മൂന്നര ഇഞ്ച് മാത്രം വലിപ്പമുള്ള ഇത്തരം അട്ടകളെ കണ്ടെത്തിയത്. നൂല് രൂപത്തില്‍ ഇളം നിറമാണ് ഇവയ്ക്ക്.
വീതിയില്‍ കോണാകൃതിയിലുള്ള തലയും പക്ഷികളുടെ ചുണ്ടിന്റെ ആകൃതിയിലുള്ള വായയും ഇവയുടെ പ്രത്യേകതയാണ്. കാഴ്ചയില്ലാത്ത ഇവ ആന്റിന പോലുള്ള ഭാഗംകൊണ്ട് ചുറ്റുപാടുകളെ തിരിച്ചറിഞ്ഞാണ് അതിജീവനം നടത്തുന്നത്. യൂമിലൈപ്സ് പെര്‍സിഫോണ്‍ എന്നാണ് ഗവേഷകര്‍ പുതിയ തേരട്ടകള്‍ക്ക് പേരിട്ടിരിക്കുന്നത്. മണ്ണിനടിയില്‍ നിന്ന് ഇത്തരത്തില്‍ നിരവധി അട്ടകളെ ലഭിച്ചിട്ടുണ്ട്. പെണ്‍ അട്ടകള്‍ക്ക് ആണ്‍ അട്ടകളെക്കാള്‍ കാലുകളുടെ എണ്ണം കൂടുതലാണ്. ജീവികളുടെ പരിണാമത്തിലെ അല്‍ഭുതം എന്നാണ് ഓസ്ട്രേലിയയിലെ ബെനെലോഞ്ചിയ എന്‍വിറോണ്‍മെന്റല്‍ ബയോളജിസ്റ്റായ ബ്രൂണോ ബുസാറ്റോ വിശേഷിപ്പിച്ചത്.