കരുതല്‍ ഡോസ് 39 ആഴ്ചകള്‍ക്ക് ശേഷം; കൗമാരക്കാര്‍ക്ക് രണ്ടു വാക്സിന്‍

0

രണ്ടാം ഡോസ് സ്വീകരിച്ച് 39 ആഴ്ച കഴിഞ്ഞാല്‍ കരുതല്‍  ഡോസ് എടുക്കാവുന്നതാണെന്ന് കോവിന്‍ പ്ലാറ്റ്ഫോം തലവന്‍ ഡോ. ആര്‍എസ് ശര്‍മ്മ. കരുതല്‍ ഡോസിന് യോഗ്യരായവര്‍ക്ക് എസ്എംഎസ് വഴി അറിയിപ്പ് ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 60 വയസ്സു കഴിഞ്ഞവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ കരുതല്‍ ഡോസ് നല്‍കുക.

ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ അക്കാര്യം കോവിന്‍ ആപ്പില്‍ വ്യക്തമാക്കണം. വാക്സിന്‍ എടുക്കാന്‍ ഹാജരാകുമ്പോള്‍ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതിന് അനുസരിച്ച് വാക്സിന്‍ എടുക്കാവുന്നതാണ്. മൂന്നാം ഡോസ് എടുത്തവര്‍ക്ക് ക്യൂ ആര്‍ കോഡ് സഹിതമുള്ള സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് ഡോ. ശര്‍മ്മ പറഞ്ഞു.

കോവാക്‌സിനോ സൈക്കോവ് ഡിയോ തെരഞ്ഞെടുക്കാം

കൗമാരക്കാര്‍ക്ക് രണ്ടു വാക്സിന്‍ ആകും നല്‍കുക. രണ്ടു വാക്സിനാണ് കുട്ടികള്‍ക്ക് കുത്തിവെയ്പ്പിന് അംഗീകാരം ലഭിച്ചിട്ടുള്ളത്. കോവാക്സിനോ സൈക്കോവ് ഡി വാക്സിനോ തെരഞ്ഞെടുക്കാം. എന്നാല്‍ സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്സിന്‍ ലഭ്യതയാണ് ഇതില്‍ പ്രശ്നമാകുക. നിലവില്‍ എട്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ് സൈക്കോവ് ലഭ്യമായിട്ടുള്ളത്.

ഡിഎന്‍എ അടിസ്ഥാനമാക്കിയാണ് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സൈക്കോവ് ഡി വാക്സിന്‍. നീഡില്‍ ആവശ്യമില്ലാത്ത കോവിഡ് വാക്സിന്‍ ലോകത്തിലെ തന്നെ ആദ്യത്തേതാണ്. അടിയന്തര ഉപയോഗത്തിനായി ഓഗസ്റ്റ് 20 നാണ് സൈക്കോവ് ഡിയ്ക്ക് അംഗീകാരം നല്‍കിയത്.

ജനുവരി ഒന്നു മുതല്‍ പേര് രജിസ്റ്റര്‍ ചെയ്യാം

ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് കുട്ടികള്‍ക്ക് കുത്തിവെയ്ക്കാന്‍ അംഗീകാരം ലഭ്യമായിട്ടുള്ള മറ്റൊരു വാക്സിന്‍. ജനുവരി മൂന്നുമുതലാണ് രാജ്യത്തെ 15 നും 18 നും ഇടയില്‍ പ്രായമുള്ള കൗമാരക്കാര്‍ക്ക് വാക്സിന്‍ നല്‍കുക. 2007 അടിസ്ഥാനമാക്കിയാകും പ്രായപരിധി കണക്കാക്കുക. കോവിന്‍ പോര്‍ട്ടലില്‍ ആധാര്‍ ഉപയോഗിച്ച് ജനുവരി ഒന്നു മുതല്‍ കൗമാരക്കാര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.

ആധാര്‍കാര്‍ഡോ മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകളോ ഇല്ലാത്തവര്‍ക്ക് സ്‌കൂള്‍ ഐഡി കാര്‍ഡ് ഉപയോഗിച്ചും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനായി കോവിന്‍ പോര്‍ട്ടലില്‍ പത്താമതായി ഇതിനുള്ള സൗകര്യം കൂടി ഉള്‍പ്പെടുത്തിയതായി ഡോ. ശര്‍മ്മ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!