വൈത്തിരിയില്‍ കുട്ടിക്ക് ചികിത്സ നല്‍കിയതില്‍ വീഴ്ച; ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കണം

0

ചികിത്സ തേടി വൈത്തിരി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഡോക്ടറുടെ ശമ്പളത്തില്‍ നിന്നും അമ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. അനുവദിക്കുന്ന തുക കുട്ടിക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാവൂ. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും തികഞ്ഞ ബാലാവകാശ ലംഘനം നടന്നതായി വിലയിരുത്തിയ കമ്മീഷന്‍ കുട്ടിയുടെ പ്രായവും അവന്റെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള നഷ്ടവും പരിഗണിച്ച് അംഗങ്ങളായ കെ. നസീര്‍, ബി. ബബിത എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവായത്.

താലൂക്ക് ആശുപത്രി ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ് എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പരാതിക്കാരന്റെ ആരോപണങ്ങളും സംബന്ധിച്ച് വകുപ്പുതല അനേ്വഷണം നടത്തുന്നതിന് നടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

2019 ഡിസംബര്‍ 5 രാത്രി കുട്ടിയെ വൃഷ്ണ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വൈത്തിരി താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയില്‍ കാണിച്ചു. മകന് കലശലായ വേദനയുണ്ടായിരുന്നിട്ടും ഡോക്ടര്‍ ശരിക്കു പരിശോധിക്കാതെ ഗുളികയും ഇഞ്ചക്ഷനും നല്‍കി സ്റ്റാഫ് നേഴ്‌സിനോട് കുട്ടിയെ നോക്കാന്‍ പറഞ്ഞു. കുട്ടിയുടെ പിതാവിനെ രോഗത്തിന്റെ ഗൗരവം അറിയിച്ചില്ല. ഉടനെ സര്‍ജറി ചെയ്യാന്‍ പറ്റുന്ന ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്തിരുന്നെങ്കില്‍ മകന് ഈ അവസ്ഥ വരില്ലായിരുന്നു. ഡോക്ടറുടെ നിരുത്തരവാദപരമായ സമീപനത്തില്‍ മകന് നഷ്ടപ്പെട്ടത് അവന്റെ ഭാവിയും ഏറ്റവും പ്രധാനപ്പെട്ട അവയവവുമാണ്. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ടാണ് കുട്ടിയുടെ അച്ഛന്‍ കമ്മീഷനെ സമീപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!