റേഷന്‍ കട വഴി ഇനി കിറ്റില്ല ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

0

കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും, വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും മന്ത്രി ജി ആര്‍ അനില്‍. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം.കിറ്റ് വീണ്ടും തുടങ്ങില്ല. ആളുകള്‍ക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ല.

സപ്ലൈക്കോ വഴിയും കണ്‍സ്യൂമര്‍ഫെഡും ന്യായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈക്കോയില്‍ വില വര്‍ധിച്ചിട്ടില്ല. ഭക്ഷ്യമന്ത്രി നിലപാട് വ്യക്തമാക്കി.
രാജ്യത്തൊട്ടാകെയുള്ള വിലക്കയറ്റം കേരളത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നാണ് ജി ആര്‍ അനിലിന്റെ അവകാശവാദം. ആന്ധ്രയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കേരളത്തില്‍ വില കുറച്ച് വിതരണം ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പച്ചക്കറിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിച്ചത് സര്‍ക്കാര്‍ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. സാധ്യമായ എല്ലാ വിപണി ഇടപെടലുകളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!