സ്ത്രീകള്‍ ഉറപ്പായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട 5 കാര്യങ്ങള്‍ ഇവയാണ്…
കൊവിഡ് കാലത്ത് ആരോഗ്യ സംരക്ഷണം ഏറെ വെല്ലുവിളികള്‍ നേരിടുകയാണ്. മികച്ച ജീവിതശൈലിയും ഭക്ഷണ രീതിയും ഒരു പരിധി വരെ നമ്മുക്ക് പ്രതിരോധ ശേഷി നല്‍കും. ഈ മഹാമാരി കാലത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ്. എല്ലാ കോശങ്ങളുടെയും പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നതിന് പലതരം ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഒപ്പം ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കാനും രോഗ പ്രതിരോധ ശേഷി ശക്തമായി ബിലനിര്‍ത്തുകയും വേണം. സ്ത്രീകള്‍ ഉറപ്പായും അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാം.
ശതാവരി
ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഒരു ഉത്തമ ഭക്ഷണമാണ് ശതാവരി. ഇതിന്റെ ഇലയും കിഴങ്ങും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനാകും. ചര്‍മ്മത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഇത് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചമ്മത്തിലെ ചുളുവുകളെ മറ്റും ഇത് തടയുന്നു. അസ്ഥികളുടെ ബലത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവയും ശതാവരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്‌പൈന ബിഫിഡ പോലുള്ള ജനന വൈകല്യങ്ങള്‍ തടയാന്‍ സഹായിക്കുന്നു.
പപ്പായ
ആന്റി ഓക്‌സിഡന്റുകളും ബീറ്റ പ്രോടീനുകളും അടങ്ങിയിട്ടുള്ള ഒന്നാണ് പപ്പായ. പപ്പായയില്‍ കാണപ്പെടുന്ന ഒരു ആന്റി ഓക്‌സിഡന്റാണ് ലൈകോപീന്‍. ഇത് സെര്‍വിക്കല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കും. രക്ത സമ്മര്‍ദ്ദം, കൊളെസ്‌ട്രോള്‍ തുടങ്ങിയവ ആരോഗ്യകരമായ രീതിയില്‍ നിലനിര്‍ത്തുന്നതിലൂടെ ഹൃദ്രോഗ സാധ്യതയും ഒഴിവാക്കാനാകും.
ചെറുനാരങ്ങ, മുന്തിരി, ഓറഞ്ച്
സിട്രസ് പഴങ്ങളായ മുന്തിരി, ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവ ഫ്‌ലേവനോയ്ഡുകളുടെ സമൃദ്ധമായ ഒരു ഉറവിടമാണ്. ഇത് സ്ത്രീകളില്‍ ഉണ്ടാകാനിടയുള്ള ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. ആര്‍ത്തവശേഷം സ്ത്രീകളില്‍ ഉണ്ടാകുന്ന ഹൃദയാഘാതത്തെ ചെറുക്കുകയാണ് സിട്രസ് പഴങ്ങള്‍ ചെയ്യുന്നത്.
പയര്‍
ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ എല്ലാവര്‍ക്കും എപ്പോഴും ലഭ്യമാകുന്ന പോഷക ഗുണങ്ങളെ അടങ്ങിയിട്ടുള്ള ഭക്ഷണമാണ്.ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ബി തുടങ്ങിയ മറ്റ് പല പോഷകങ്ങയുടെയും സമൃദ്ധമായ ഉറവിടം കൂടിയാണത്. സുസ്ഥിര ഊര്‍ജത്തിന്റെ ഒരു നല്ല ഉറവിടം കൂടിയാണ് പയര്‍. ഹൈപ്പോതൈറോയിഡിസത്തിന്റെ ക്ഷീണത്തിനെതിരെ ഉപയോഗിക്കാവുന്ന ഒരു നല്ല ഭക്ഷണമാണ് പയര്‍. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും കൊളെസ്‌ട്രോള്‍ മെച്ചപ്പെടുത്തുന്നതിനും ഊര്‍ജ്ജം നിലനിര്‍ത്താനും പയര്‍ സഹയിക്കുന്നു.
കാബേജ്
ഒരു സ്ത്രീയ്ക്ക് ദിവസവും ആവശ്യമുള്ള വിറ്റാമിന്‍ കെ പകുതിയിലേറെ കാബേജില്‍ അടങ്ങിയിരിക്കുന്നു. ഇത് ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. രോഗപ്രതിരോധ ശേഷി ഉറപ്പാക്കാനും, അസ്ഥികളുടെ ബലത്തിനും ഉത്തമമായ ഒന്നാണ് കാബേജ്.