തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി വരുംദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടുകൂടി വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവില്‍ കോമോരിന് (തമിഴ് നാടിന്റെ തെക്കേ അറ്റം) മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയില്‍ നിന്ന് മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ഒരു ന്യൂനമര്‍ദ്ദ പാത്തി (ട്രെഫ്) നിലനില്‍ക്കുന്നുണ്ട്.
ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴ ഒക്ടോബര്‍ 26 വരെ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം അടുത്ത രണ്ടാഴ്ചയും (ഒക്ടോബര്‍ 22-നവംബര്‍ നാല്) കേരളത്തില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത.
ആദ്യ ആഴ്ചയില്‍ (ഒക്ടോബര്‍ 22-ഒക്ടോബര്‍ 28) കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരദേശ പ്രദേശങ്ങള്‍ ഒഴികെയുള്ള മേഖലയില്‍ സാധാരണയില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കും. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലുവരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ വയനാട് ജില്ലയിലും കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള മേഖലയിലും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. കേരളത്തില്‍നിന്ന് കാലവര്‍ഷം 26 ഓടെ പൂര്‍ണമായും പിന്‍വാങ്ങാനും അതേദിവസം തന്നെ തുലാവര്‍ഷം ആരംഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.