ചര്‍മ്മം പഴുക്കാന്‍ സാധ്യത; കോവിഡിന് പിന്നാലെ കോവിഡ് ടോയും! അപൂര്‍വ്വം?
കോവിഡ് എന്ന മഹാമാരി വലിയ തോതിലുള്ള പ്രതിസന്ധികളാണ് ലോകരാജ്യങ്ങളില്‍ ഒന്നടങ്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും പല രാജ്യങ്ങളും കോവിഡില്‍ നിന്നും മുക്തി നേടിയിട്ടില്ല. ഇതിനിടയില്‍ തന്നെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. എന്നാല്‍ ഇന്നിപ്പോള്‍ മറ്റൊരു പ്രശ്‌നമാണ് ജനങ്ങളെ അലട്ടികൊണ്ടിരിക്കുന്നത്.
കോവിഡ് ബാധിച്ച പലരുടെയും കാല്‍വിരലുകളിലും കൈവിരലുകളിലും തടിച്ചു ചിണര്‍ത്ത മുറിവുകള്‍ കാണുവാന്‍ സാധിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മുറിവുകള്‍ ഉണ്ടാകുന്നത് എന്നത് ഭയപ്പെടുത്തുന്ന ഒരു ചോദ്യമായിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ ആ ചോദ്യത്തിനുള്ള മറുപടിയായി എത്തിയിരിയ്ക്കുന്നത് ഒരു പുതിയ പഠനമാണ്. വൈറസിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ ശരീരം അക്രമണരീതിയിലേയ്ക്ക് മാറുന്നതിന്റെ പാര്‍ശ്വഫലം ആയാണ് ഗവേഷകര്‍ ഈ മുറിവുകളെ കാണുന്നത്. കോവിഡ് ടോ എന്നാണ് ഗവേഷകര്‍ ഈ അവസ്ഥയ്ക്ക് പേരിട്ടിരിയ്ക്കുന്നത്.
എല്ലാ പ്രായക്കാരിലും കോവിഡ് ടോ കാണുവാന്‍ സാധിയ്ക്കുമെങ്കിലും, യുവാക്കളിലും കുട്ടികളിലുമാണ് കൂടുതലായും ഈ അവസ്ഥ കാണുവാന്‍ സാധിയ്ക്കുന്നത്. കോവിഡ് ടോ ബാധിച്ച കാല്‍വിരലിന് നിറവ്യത്യാസവും കണ്ടേക്കാം. വിരല്‍ ചുവന്നോ പര്‍പ്പിള്‍ നിറത്തിലേക്കോ മാറും. ചര്‍മ്മം വരണ്ടുപോകാനും ചിലപ്പോള്‍ പഴുക്കാനും സാധ്യതയുണ്ട്. ചില ആളുകളില്‍ ആഴ്ചകള്‍ കൊണ്ട് ഈ അവസ്ഥ ഭേദപ്പെടുമ്പോള്‍ ചിലര്‍ക്ക് മാസങ്ങളോളം ഈ അസ്വസ്ഥത അനുഭവിക്കേണ്ടിവരും.
ഇത്തരം രോഗികളില്‍ കോവിഡിന്റെ പതിവ് ലക്ഷണങ്ങളായ ചുമ, പനി, രുചി നഷ്ടപ്പെടുക തുടങ്ങിയവ കാണില്ല. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ചിലര്‍ വേദനയിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ മറ്റു ചിലരാകട്ടെ ചൊറിച്ചിലും നീര്‍വീക്കവും പോലെയുള്ള അസ്വസ്ഥതകളിലൂടെയാണ് കടന്നു പോകുന്നത് എന്നും പഠനം വ്യക്തമാക്കുന്നു.