സ്‌കൂള്‍ തുറക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍; പാഠം 1: സുരക്ഷ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

0

 

നവംബര്‍ ഒന്നിനു സ്‌കൂള്‍ തുറന്ന് രണ്ടാഴ്ചയ്ക്കു ശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി കുട്ടികളുടെ എണ്ണം, ഷിഫ്റ്റ്, ഉച്ചഭക്ഷണ വിതരണം എന്നിവയില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുമെന്നു സര്‍ക്കാരിന്റെ മാര്‍ഗരേഖ. സ്‌കൂളിലെത്താന്‍ സാധിക്കാത്തവര്‍ക്കു ഡിജിറ്റല്‍ പഠനം തുടരും. 92 % അധ്യാപകരും ജീവനക്കാരും 2 ഡോസ് വാക്‌സീനും എടുത്തു. ശേഷിക്കുന്നവരോട് ഉടന്‍ വാക്‌സീന്‍ എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു മന്ത്രിമാരായ വി.ശിവന്‍കുട്ടിയും വീണാ ജോര്‍ജും പറഞ്ഞു.

ബാച്ച് തിരിച്ച് വിദ്യാര്‍ഥികള്‍; പരസ്പരം ഇടപഴകരുത്

ബാച്ച് തിരിച്ച് വിദ്യാര്‍ഥികള്‍; പരസ്പരം ഇടപഴകരുത്
മാര്‍ഗരേഖയിലെ പ്രധാന നിര്‍ദേശങ്ങള്‍
സാധ്യമെങ്കില്‍ തുറന്ന സ്ഥലത്തു ക്ലാസെടുക്കണം
ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കണം.
രക്ഷിതാക്കള്‍ സ്‌കൂളില്‍ കയറരുത്, കൂട്ടം കൂടരുത്.
ഉച്ചഭക്ഷണം സ്‌കൂളിലെ സാഹചര്യം കൂടി കണക്കിലെടുത്തു നല്‍കണം.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും കാഴ്ച/ശ്രവണ പരിമിതര്‍ക്കുള്ള സ്പെഷല്‍ സ്‌കൂളുകളും തുറക്കാം.
ഹോസ്റ്റലുകള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശം പിന്നീട്.
പ്രാദേശിക കോവിഡ് നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളില്‍ ജില്ലാ അധികൃതരുടെ നിര്‍ദേശപ്രകാരം ക്ലാസുകള്‍ ക്രമീകരിക്കണം.
സ്‌കൂളില്‍ ഹെല്‍പ്ലൈന്‍ ഒരുക്കണം.
കുടിക്കാന്‍ വെള്ളം വീട്ടില്‍നിന്നു കൊണ്ടുവരണം. സ്‌കൂളില്‍ വെള്ളം കൊടുക്കേണ്ടിവന്നാല്‍ പേപ്പര്‍ കപ്പ് ലഭ്യമാക്കണം.
അടുത്തിടപഴകേണ്ട കായിക വിനോദങ്ങള്‍, അസംബ്ലി, ഒരുമിച്ചിരുന്നുളള ഭക്ഷണം കഴിക്കല്‍ എന്നിവ ഒഴിവാക്കണം.
ഒന്നിലധികം പേര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കണം.
പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്ന കുട്ടികള്‍ ഇരട്ട മാസ്‌ക് ധരിക്കണം.
പ്രൈമറി അധ്യാപകര്‍ കഴിയുന്നത്ര ബയോബബ്‌ളിന്റെ ഭാഗമാകണം.
ഇന്റര്‍വെല്‍, സ്‌കൂള്‍ ആരംഭിക്കുന്ന സമയം, വിടുന്ന സമയം എന്നിവയില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി ശുചിമുറി, കവാടങ്ങള്‍ എന്നിവിടങ്ങളിലെ കൂട്ടം ചേരല്‍ ഒഴിവാക്കണം.

കുട്ടികളുടെ ശ്രദ്ധയ്ക്ക്

മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം, സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകല്‍, ശാരീരിക അകലം പാലിക്കല്‍ എന്നിവ ശ്രദ്ധിക്കണം.
ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കളും പങ്കുവയ്ക്കരുത്.
രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ രക്ഷിതാക്കളേയാ അധ്യാപകരെയോ അറിയിക്കണം.

സ്‌കൂള്‍ ഒരുക്കല്‍

25ന് അകം അറ്റകുറ്റപ്പണികള്‍ തീര്‍ക്കണം.
സമ്പൂര്‍ണ ശുചീകരണവും അണുനശീകരണവും നടത്തണം.
ഇഴജന്തുക്കള്‍ കയറിയിട്ടില്ലെന്ന് ഉറപ്പു വരുത്തണം.
നിര്‍മാണം നടക്കുന്ന സ്‌കൂളുകളില്‍ സുരക്ഷ ഉറപ്പാക്കണം.
ശുദ്ധജല ടാങ്ക്, കിണറുകള്‍, മറ്റു ജല സ്രോതസ്സുകള്‍ എന്നിവ അണുവിമുക്തമാക്കണം.
കോവിഡ് കാല പെരുമാറ്റരീതികള്‍ വിവരിക്കുന്ന പോസ്റ്ററുകള്‍ സ്ഥാപിക്കണം.
വെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകള്‍ കഴുകുന്ന സ്ഥലം, വാഷ്‌റൂം തുടങ്ങിയ ഇടങ്ങളില്‍ നിശ്ചിത അകലത്തില്‍ അടയാളങ്ങള്‍ വരയ്ക്കണം.
മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവയുടെ കരുതല്‍ ശേഖരം വേണം.
കവാടത്തില്‍ തിരക്കുണ്ടാകാത്ത വിധം തെര്‍മല്‍ സ്‌കാനിങ് സൗകര്യം ഒരുക്കണം.
ക്ലാസ് മുറികള്‍ ദിവസവും ശുചിമുറികള്‍ കൃത്യമായ ഇടവേളകളിലും അണുവിമുക്തമാക്കണം.
ശുചിമുറികള്‍, ലാബുകള്‍ എന്നിവിടങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് ഫാന്‍ വേണം.

അധ്യാപകരുടെ ചുമതലകള്‍

സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ സ്‌കൂള്‍ തുറക്കാനുള്ള പ്രവര്‍ത്തന പദ്ധതി തയാറാക്കണം.
ക്ലാസ് ടീച്ചര്‍ ക്ലാസിലെ കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കണം. കുട്ടിയുടെ താമസസ്ഥലം, സ്‌കൂളിലേക്കുള്ള ദൂരം, വീട്ടിലെ ആര്‍ക്കെങ്കിലും രോഗങ്ങള്‍ ഉണ്ടോ, എല്ലാവരും വാക്‌സീന്‍ എടുത്തിട്ടുണ്ടോ, കുട്ടികളുടെ യാത്ര തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം.
പിടിഎ, എസ്എംസി എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചേരണം.
ക്ലാസ് പിടിഎ യോഗങ്ങള്‍ ചേരണം.
കുട്ടികള്‍ പാലിക്കേണ്ട പെരുമാറ്റ രീതികള്‍ തയാറാക്കി രക്ഷിതാക്കള്‍ക്കു നല്‍കണം.
സ്‌കൂള്‍ വൃത്തിയാക്കുന്നതിന് ജനപ്രതിനിധികള്‍, തൊഴിലുറപ്പു തൊഴിലാളികള്‍, കുടുംബശ്രീ പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു യോഗം വിളിക്കണം.

ആരോഗ്യസുരക്ഷ

സ്‌കൂളുകള്‍ തുറന്നയുടന്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ആരോഗ്യ പരിശോധനകള്‍ നടത്തണം.
രോഗലക്ഷണ പരിശോധനാ റജിസ്റ്റര്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം.
രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകള്‍ റജിസ്റ്ററില്‍ രേഖപ്പെടുത്തി പതിവായി നിരീക്ഷിക്കണം.
ഏതെങ്കിലും കുട്ടി പോസിറ്റീവ് ആയാല്‍, ആ ബയോബബ്‌ളിലെ മറ്റു കുട്ടികളെ ക്വാറന്റീനിലാക്കണം. ആരോഗ്യവകുപ്പിനെ അറിയിക്കണം.
ഓരോ സ്‌കൂളും പ്രദേശത്തുള്ള ആശുപത്രിയുമായി സഹകരിച്ചു ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
എല്ലാ സ്‌കൂളിലും പ്രധാനാധ്യാപകരുടെ നേതൃത്വത്തില്‍ ആരോഗ്യസംരക്ഷണ സമിതി രൂപീകരിക്കണം.
രോഗലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കാന്‍ പ്രത്യേക മുറി ഒരുക്കണം. പ്രാഥമിക സുരക്ഷാ കിറ്റും തയാറാക്കണം.
രോഗം സ്ഥിരീകരിച്ചാല്‍ സമ്പര്‍ക്കപട്ടിക തയാറാക്കണം.
വൈദ്യസഹായത്തിനു ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പറുകള്‍ ഓഫിസില്‍ പ്രദര്‍ശിപ്പിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!