കർമ്മമണ്ഡലം അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിനും അനീതിക്കെതിരായ പോരാട്ടത്തിനും ഉഴിഞ്ഞുവച്ച് നിർഭയ മാദ്ധ്യമ പ്രവർത്തനത്തിന്റെ മാതൃകകളായി മാറിയ രണ്ടുപേർക്ക് ഈ വർഷത്തെ സമാധാന നോബൽ. ഫിലിപ്പൈൻസുകാരി മരിയ റെസയും (58), റഷ്യൻ സ്വദേശി ദിമിത്രി ആൻഡ്രിവിച്ച് മുറടോവുമാണ് (59) പുരസ്കാരത്തിന് അർഹരായത്.പുരസ്കാരത്തുകയായ 10 ദശലക്ഷം സ്വീഡിഷ് ക്രോണ (8.51 കോടി രൂപ) ഇരുവരും പങ്കിടും. ഈവർഷം ഇതുവരെ പ്രഖ്യാപിച്ചതിൽ നോബലിന് ആർഹയായ ഏക വനിതയാണ് റെസ. സാമ്പത്തിക നോബൽ മാത്രമാണ് ബാക്കിയുള്ളത്. 11ന് പ്രഖ്യാപിക്കും. പുരസ്കാരങ്ങൾ ഡിസംബർ 10ന് വിതരണം ചെയ്യും.ഫിലിപ്പൈൻസിലെ അന്വേഷണാത്മക ഓൺലൈൻ മാദ്ധ്യമമായ റാപ്ലറിന്റെ സഹസ്ഥാപകയും സി.ഇ.ഒയുമാണ് റെസ.ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് ആറ് മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നു റെസയ്ക്ക്.സി.എൻ.എന്നിന് വേണ്ടി ശ്രദ്ധേയമായ നിരവധി റിപ്പോർട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. ഭീകരതയ്ക്കെതിരെ ആൻ ഐ വിറ്റ്നസ് അക്കൗണ്ട് ഒഫ് അൽ ക്വ ഇദാസ് ന്യൂവസ്റ്റ് സെന്റർ, ഫ്രം ബിൻ ലാദൻ ടു ഫേസ്ബുക്ക് – ടെൻ ഡെയ്സ് ഒഫ് അബ്ഡെക്‌ഷൻ അടക്കമുള്ള പുസ്തകങ്ങൾ രചിച്ചു.റഷ്യയിലെ സ്വതന്ത്ര ദിനപത്രമായ നൊവായ ഗസറ്റയുടെ സ്ഥാപകരിൽ ഒരാളും എഡിറ്റർ ഇൻ ചീഫുമാണ് ദിമിത്രി മുറടോവ്. റഷ്യൻ സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ, അഴിമതി എന്നിവയെക്കുറിച്ച് നൊവായ ഗസറ്റിലൂടെ സധൈര്യം ദിമിത്രി പ്രതികരിച്ചു. നൊവായ ഗസറ്റിലെ ആറ് മാദ്ധ്യമപ്രവർത്തകർ വിവിധ കാലയളവുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ദിമിത്രി പലതവണ വധഭീഷണി നേരിടുകയും ചെയ്തു. പുരസ്കാരത്തിന്റെ പകുതിത്തുക കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് നൽകുമെന്ന് ദിമിത്രി പറഞ്ഞു.ജനാധിപത്യത്തിന്റെ ആണിക്കല്ലായ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങളാണ് ഇരുവരെയും പുരസ്കാരത്തിന് അർഹരാക്കിയതെന്ന് നോർവീജിയൻ നോബൽ സമിതി അദ്ധ്യക്ഷ ബെറിറ്റ് റെയ്‌സ് ആൻഡേഴ്‌സൻ പറഞ്ഞു.വസ്തുതകളില്ലാതെ ഒന്നും സാദ്ധ്യമാവില്ല. വസ്തുതയില്ലാത്ത ലോകം സത്യവും വിശ്വാസവുമില്ലാത്തതാണ്. ഈ പുരസ്കാരം പോരാട്ടം തുടരാനുള്ള ഊർജ്ജം നൽകുന്നു- മരിയ റെസനോബൽ പുരസ്കാരം നൽകുന്ന പദവിയും അംഗീകാരവും എനിക്കുള്ളതല്ല. അനീതിയും അടിച്ചമർത്തലും തുറന്നു കാട്ടുന്ന നൊവായ ഗസറ്റിനുള്ളതാണ്- ദിമിത്രി ആൻഡ്രിവിച്ച് മുറടോവ്
Sign in
Sign in
Recover your password.
A password will be e-mailed to you.