പോലീസുകാര്‍ മര്യാദയോടെ പെരുമാറിയില്ലെങ്കില്‍ ഇനി ജനങ്ങള്‍ക്ക് നേരിട്ട് ചോദ്യം ചെയ്യാം. പോലീസുകാരെ നിലയ്ക്ക് നിര്‍ത്താന്‍ പുതിയ പദ്ധതികളുമായി ഡി ജി പി അനില്‍ കാന്ത്. ജനകീയ നിരീക്ഷണമെന്ന ആശയമാണ് ഇതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മുന്നോട്ട് വച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അരങ്ങേറിയ പോലീസിന്റെ ക്രൂരത വലിയ ചര്‍ച്ചകള്‍ക്കും മറ്റും വഴിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അതിരുവിട്ട് പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയത്. സഭ്യതയില്ലാത്ത പെരുമാറ്റത്തിന്റെ ദൃശ്യമോ ശബ്ദമോ ജനങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാലോ, വാര്‍ത്തയായി വന്നാലോ ഉടന്‍ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇരകള്‍ക്കും സാക്ഷികള്‍ക്കും ഇത്തരത്തില്‍ നേരിട്ട് ഇടപെടാം. ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മുഴുവന്‍ സേനയ്ക്കും സംസ്ഥാന സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന തരത്തിലായിരുന്നു. അനാവശ്യമായി ഫൈന്‍ എഴുതിക്കൊടുത്തത് മുതല്‍, തൊഴിലാളിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചത് വരെ ഈ നാണക്കേടുകളില്‍ ഉള്‍പ്പെടുന്നു. ഇതോടെയാണ് ഡി ജി പി യ്ക്ക് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വന്നത്.