നാടിനെ നടുക്കിയ മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്.പ്രാദേശിക ഘടകങ്ങള്‍ ദുരന്തത്തിന്റെ ആഘാതം കൂട്ടി.സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈ മൂന്നാം വാരം മുതല്‍ ഈ മേഖലകളില്‍ തുടര്‍ച്ചയായി മഴ പെയ്തിട്ടുണ്ട്.ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറില്‍ പുത്തുമലയില്‍ പെയ്തിറങ്ങിയത് 372.6 മി.മീ മഴയാണ്,തെറ്റമലയില്‍ 409 മി.മീ മഴയും.സമീപപ്രദേശങ്ങളിലെല്ലാം മഴ കനത്തുപെയ്തു.തുടര്‍ച്ചയായി മഴ പെയ്ത് നനഞ്ഞു കുതിര്‍ന്ന് കിടന്ന പ്രദേശത്ത്, അധികമായി കനത്ത മഴ പെയ്തിറങ്ങിയപ്പോള്‍ മര്‍ദ്ദം താങ്ങാനായില്ല. അതാണ് ഉരുള്‍പൊട്ടലിനിടയാക്കിയത് എന്നാണ് ജിഎസ്ഐ കണ്ടെത്തല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാറക്കലുകളും, മണ്ണും ചെളിയും, വെള്ളവും ഏഴ് കി.മീ ദൂരത്തോളം ഒഴുകി. ദ്രുതഗതിയില്‍ അവശിഷ്ടങ്ങള്‍ ഒഴുകിയ ആ കുത്തൊഴുക്കില്‍ പുന്നപ്പുഴയുടെ ഗതി മാറി. അങ്ങനെ മുണ്ടക്കൈയും ചൂരല്‍മലയും ശവപ്പറമ്പായി മാറിയെന്നാണ് ജിഎസ്ഐ റിപ്പോര്‍ട്ട്. ഈ മേഖലയില്‍ ജിഎസ്ഐ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും മുണ്ടക്കൈയെയും ചൂരല്‍മലയെയും തകര്‍ത്തെറിഞ്ഞ ദുരന്തത്തിന്റെ പൂര്‍ണ ചിത്രം തെളിയുക.