ഇന്ന് മുതല്‍ ഞായര്‍ ലോക്ഡൗണില്ല
ഞായര്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതോടെ ഇന്ന് മുതല്‍ പൂര്‍ണമായി തുറന്ന് സംസ്ഥാനം.രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല അടച്ചിടല്‍ മാത്രമാണ് നിലവിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകള്‍ക്ക് ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊവിഡിലെ ആശങ്കാജനകമായ സാഹചര്യം മാറിയെന്ന വിലയിരുത്തലിലാണ് കൂടുതല്‍ ഇളവുകള്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ഞായര്‍ ലോക്ഡൗണും രാത്രിയാത്രാ നിരോധനവും പിന്‍വലിച്ചത്.
രണ്ടാം തരംഗം തീവ്രമായ മെയ് മാസത്തിലാണ് സംസ്ഥാനം വീണ്ടും സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങിയത്. ഏറെ താമസിയാതെ അത് ശനി, ഞായര്‍ ലോക് ഡൗണായി ചുരുക്കി. ആഗസ്റ്റിലാണ് ഞായര്‍ ലോക് ഡൗണിലേക്ക് മാറിയത്. അടച്ചിടല്‍ കൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് കണ്ടാണ് അതും പിന്‍വലിക്കുന്നത്. ഒന്നാം ഡോസ് വാക്സിനേഷന്‍ 80 ശതമാനം പിന്നിട്ടതും സര്‍ക്കാരിന് ആത്മ വിശ്വാസം നല്‍കുന്നുണ്ട്.
ഞായര്‍ ലോക് ഡൗണും രാത്രി കര്‍ഫ്യൂവും പിന്‍വലിച്ചത് വലിയ ഉണര്‍വ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാര മേഖല. 25 ശതമാനം വരെ ബിസിനസ് വര്‍ധിക്കുമെന്ന് വ്യാപാരികള്‍ കണക്ക് കൂടുന്നു. നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും കടകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വാക്സിനേഷന്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് വരു ദിവസങ്ങളില്‍ കൂടുതല്‍ മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കിയേക്കും. ഇതില്‍ പ്രധാനം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അനുമതിയാണ്. നിലവിലെ സാഹചര്യത്തില്‍ അത് അധികം വൈകില്ലെന്നാണ് വിലയിരുത്തല്‍.