കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക. വാക്‌സീന്‍ എടുത്തവര്‍ക്കും കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. കേരളാ അതിര്‍ത്തിയില്‍ പരിശോധനക്കായി കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു. ബംഗ്ലൂരു റെയില്‍വേ സ്റ്റേഷനില്‍ അടക്കം വ്യാപക പരിശോധനയാണ് നടക്കുന്നത്. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവര്‍ക്ക് ഇവിടെ പരിശോധനക്ക് താല്‍ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നും പരിശോധിച്ച ശേഷമാണ് യാത്രക്കാരെ റെയില്‍വെ സ്റ്റേഷന് പുറത്തേക്ക് വിടുന്നത്.കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ബെംഗ്ലൂരുവിലടക്കം കോളേജുകള്‍ തുറന്നിരുന്നു. സ്‌കൂളുകള്‍ അടുത്തമാസം ആദ്യം മുതല്‍ തുറക്കാനാണ് തീരുമാനം. കോളേജുകള്‍ തുറന്നതോടെ കര്‍ണാടകയിലേക്ക് എത്തിച്ചേര്‍ന്ന മലയാളി വിദ്യാര്‍ത്ഥികളടക്കമുള്ളവരും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ ദുരിതത്തിലാണ്. അതിനിടെ കാസര്‍ക്കോട്ടേക്കുള്ള ബസ് സര്‍വ്വീസ് ദക്ഷിണകന്നട നിര്‍ത്തിവച്ചതും യാത്രക്കാരെ വലച്ചു.